പറ്റ്‌ന: പറ്റ്‌നയില്‍ കൊവിഡ് ബാധിച്ച് നവവരന്‍ മരിച്ചു. വിവാഹം കഴിഞ്ഞ് രണ്ടാം ദിനമാണ് യുവാവ് മരണപ്പെട്ടത്. ഗുരുഗ്രാമില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു 30 കാരനായ യുവാവ്. വിവാഹത്തില്‍ പങ്കെടുത്ത 95 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് പരിശോധന നടത്താതെയായിരുന്നു യുവാവിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ഉള്‍പ്പെടെ നടത്തിയത്. ഇയാള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുകളുടേയും സാമ്പിള്‍ പരിശോധിച്ചത്. അതില്‍ 15 പേര്‍ക്ക് കൊവിഡ് പോസിറ്റീവായിരുന്നു.
തുടര്‍ന്ന് സമ്പര്‍ക്കപ്പട്ടിക പൂര്‍ത്തിയാക്കിയ ശേഷം 100ഓളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ ഇതില്‍ 80 ലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബീഹാറില്‍ ഒരാളില്‍ നിന്നും ഇത്രയധികം പേര്‍ക്ക് കൊവിഡ് വൈറസ് പകര്‍ന്നത് ആദ്യമാണ്.
അതേസമയം യുവാവിന്റെ മരണം ബന്ധുക്കള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചില്ലെന്നും അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ മൃതദേഹം മറവുചെയ്തതുമാണ് ഇത്രയും ഗുരുതര സാഹചര്യത്തിലേക്ക് എത്തിച്ചതെന്നുമാണ് അധികൃതര്‍ അറിയിച്ചത്.
വിവാഹത്തിനായി മെയ് 12 നാണ് യുവാവ് ബീഹാറിലെ ദീപാലി ഗ്രാമത്തില്‍ എത്തിയത്. ദിവസങ്ങള്‍ക്കകം തന്നെ ഇദ്ദേഹത്തിന് കൊവിഡ് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വീട്ടുകാര്‍ വിവാഹ പരിപാടികളുമായി മുന്നോട്ടു പോകുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഇദ്ദേഹത്തിന്റെ നില ഗുരുതരമായി. തുടര്‍ന്ന് പറ്റ്‌നയിലെ എയിംസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
ഇതിന് ശേഷമാണ് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശോധന നടത്തിയത്. അതേസമയം വധുവിന്റെ കൊവിഡ് ടെസ്റ്റ് നെഗറ്റീവാണ്.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് വിവാഹം നടത്തിയതെന്നും 50 പേര്‍ മാത്രം പങ്കെടുക്കേണ്ട ചടങ്ങില്‍ എങ്ങനെ നൂറിലധികം ആളുകള്‍ പങ്കെടുത്തുവെന്നും ജില്ലാ ഭരണകൂടം ചോദിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക