| Thursday, 14th March 2019, 8:49 am

ബീഹാറില്‍ സീറ്റ് വിഭജനത്തില്‍ ധാരണയായി; 11 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ സീറ്റ് വിഭജനത്തില്‍ ധാരണയായി. ആര്‍.ജെ.ഡി 20 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും മത്സരിച്ചേക്കും. മഹാസഖ്യത്തിലെ നേതാക്കള്‍ ദല്‍ഹിയിലെത്തി നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് വിഭജനത്തില്‍ ധാരണയായത്.

സീറ്റ് ധാരണ ചര്‍ച്ച ചെയ്‌തെന്നും ഒന്നിലും ആശങ്കയില്ലെന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു.

“സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ധാരണയായി. ആര്‍.ജെ.ഡി 11 സീറ്റുകള്‍ കോണ്‍ഗ്രസിനു നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. മഹാസഖ്യത്തിലെ എല്ലാ പാര്‍ട്ടിക്കാരും പൂര്‍ണ മര്യാദയാണ് നല്‍കിയത്.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനം അറിയിക്കും”- പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.


ഒരു ദിവസം നീണ്ടു നിന്ന ചര്‍ച്ചയാണ് ധാരണയായത്. കോണ്‍ഗ്രസിന്റെ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

40 ലോക്‌സഭാ സീറ്റാണ് ബീഹാറിലുള്ളത്. എന്‍.ഡി.എ വിട്ട് സഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സാമന്ത പാര്‍ട്ടിക്ക് നാലും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, എല്‍.ജെ.ഡി എന്നിവക്ക് ഒരു സീറ്റും വീതം നല്‍കാനാണ് ധാരണ.

ശേഷിക്കുന്ന സീറ്റുകള്‍ ഇടത് പാര്‍ട്ടികള്‍ക്ക് നല്‍കിയേക്കും. പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വളരെ പെട്ടെന്ന് ഉണ്ടായേക്കും. ഏപ്രില്‍ 11നാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ്. ഏഴു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് മെയ് 19ന് അവസാനിക്കും.


2014ലെ പൊതു തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി 27 സീറ്റുകളില്‍ മത്സരിച്ചെങ്കിലും നാലു സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.

We use cookies to give you the best possible experience. Learn more