പട്‌ന: ബീഹാറില്‍ തുടര്‍ച്ചയായി പാലങ്ങള്‍ തകര്‍ന്ന സംഭവത്തില്‍ 14 എഞ്ചിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. സംസ്ഥാന സര്‍ക്കാരാണ് വെള്ളിയാഴ്ച എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചത്.
പാലത്തകര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ജലവിഭവ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. പാലം നിര്‍മിച്ച എഞ്ചിനീയര്‍മാര്‍ അശ്രദ്ധമായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പാലങ്ങള്‍ തകര്‍ന്നതിന് പിന്നിലെ പ്രധാന കാരണം എഞ്ചിനീയര്‍മാരുടെ അശ്രദ്ധക്കുറവാണെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടു. ഡബ്ല്യു.ആര്‍.ഡി അഡീഷണല്‍ ചീഫ് സെക്രട്ടറി ചൈതന്യ പ്രസാദാണ് എഞ്ചിനിയര്‍മാര്‍ക്കെതിരെ നടപടി എടുത്ത വിവരം അറിയിച്ചത്.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ മൂന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരും ഉള്‍പ്പെടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 17 ദിവസത്തിനിടെ സിവാന്‍, സരണ്‍, മധുബാനി, അരാരിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച് ജില്ലകളിലായി 10 പാലങ്ങളാണ് ബീഹാറില്‍ തകര്‍ന്നത്.
കഴിഞ്ഞ കുറച്ച് ദിവസമായി പെയ്ത കനത്ത മഴയാണ് പാലങ്ങൾ തകരുന്നതിനുള്ള കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
സംസ്ഥാനത്തെ എല്ലാ പഴയ പാലങ്ങളുടെയും സർവേ നടത്തി അടിയന്തരമായി അറ്റകുറ്റപ്പണി ആവശ്യമുള്ളവ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ റോഡ് നിർമാണ, റൂറൽ വർക്ക് വകുപ്പുകളോട് നിർദേശിച്ചിട്ടുണ്ട്.
Content Highlight: Bihar govt suspends 14 engineers over bridge collapse incidents