| Wednesday, 29th November 2023, 7:59 pm

സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹിന്ദു ആഘോഷ അവധി ദിവസങ്ങള്‍ വെട്ടിക്കുറച്ചു; ബീഹാര്‍ സര്‍ക്കാരിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ഹൈന്ദവ ആഘോഷ ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അവധികള്‍ നിര്‍ത്തലാക്കണമെന്ന ബീഹാര്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തെ ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷന്‍. ബീഹാര്‍ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചൂണ്ടിക്കാട്ടി എന്‍.സി.പി.സി.ആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കനുങ്കോ സര്‍ക്കാരിന് നോട്ടീസ് നല്‍കി.

ബീഹാര്‍ സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനത്തില്‍ അടുത്ത വര്‍ഷത്തോടെ ഹര്‍ത്താലിക തീജ്, ജന്മാസ്തമി, ശിവരാത്രി, രാമനവമി, സരസ്വതി പൂജ, രാഖി, തീജ്, ജിതിയ ദിവസങ്ങളിലെ അവധി വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് 220 ദിവസത്തെ പഠനം ബീഹാര്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ ഈദുല്‍ ഫിത്തര്‍, ഈദുല്‍ ജുഹ, മുഹറം എന്നീ ദിനങ്ങളിലെ അവധികള്‍ രണ്ട് ദിവസത്തില്‍ നിന്ന് മൂന്ന് ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. വേനല്‍ അവധി 2024ല്‍ 20 ദിവസത്തില്‍ നിന്ന് 30 ദിവസമാക്കി ഉയര്‍ത്തുമെന്നും സര്‍ക്കാരിന്റെ നിര്‍ദേശത്തതില്‍ പറയുന്നു.

വിജ്ഞാപനത്തിനെതിരെ കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇക്കാര്യം പരിശോധിക്കാനും 2009ലെ ആര്‍.ടി.ഇ നിയമമനുസരിച്ച് എല്ലാ കുട്ടികള്‍ക്കും അവരുടെ മതപരമായ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിനായി തുല്യ അവസരം ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

ഹൈന്ദവ ആഘോഷ ദിനങ്ങളിലെ അവധി ഒഴിവാക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം മുസ്‌ലിം ആഘോഷങ്ങള്‍ക്കുള്ള പ്രാധാന്യം വര്‍ധിപ്പിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നു.

Content Highlight: Bihar Government Cuts Hindu Holidays in Govt Schools

We use cookies to give you the best possible experience. Learn more