പാട്‌ന: ബീഹാറിലെ ആര്‍.എസ്.എസിന്റെയും അനുകൂല സംഘടനകളുടെയും നേതാക്കളുടെ സകല വിവരങ്ങളും ശേഖരിക്കാന്‍ ബീഹാര്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം. ജില്ലാ പൊലീസ് മേധാവികള്‍ക്ക് മെയ് മാസത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.
ബീഹാറിലെ ജെ.ഡി.യു സര്‍ക്കാറിന്റെ സഖ്യകക്ഷിയായ ബി.ജെ.പിയുടെ മാതൃസംഘടനയാണ് ആര്‍.എസ്.എസ്.
ആര്‍.എസ്.എസിന്റേയും അതിനു കീഴിലുള്ള 18 സംഘടനകളുടെയും വിശദാംശങ്ങള്‍ സ്വീകരിക്കാനാണ് മെയ് 28ന് എല്ലാ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാര്‍ക്കും നല്‍കിയ ഉത്തരവില്‍ പറയുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനു രണ്ടുദിവസം മുമ്പാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
‘പേര്, വിലാസം, ടെലിഫോണ്‍ നമ്പര്‍, എന്നിവയടക്കം ആര്‍.എസ്.എസിന്റെയും അതിന്റെ സഹ സംഘടനകളുടെയും ഭാരവാഹികളുടെ എല്ലാ വിവരങ്ങളും ശേഖരിക്കണം.’ എന്നാണ് കത്തില്‍ പറയുന്നത്. ‘ഇത് വളരെ ഗൗരവത്തോടെ കാണണം’ എന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ഇത് പതിവ് പരിപാടിയാണെന്നാണ് ജനതാദള്‍ നാഷണല്‍ സെക്രട്ടറി ജനറല്‍ കെ.സി ത്യാഗി പറഞ്ഞത്. ‘എല്ലാ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും കാലാകാലങ്ങളായി ചെയ്യുന്ന പതിവ് പരിശോധനയാണിത്.’ ത്യാഗി പറഞ്ഞു. ഒരു സംഘടനയേയും ലക്ഷ്യമിടാനോ പ്രതിച്ഛായ കളങ്കപ്പെടുത്താനോ ഉദ്ദേശിച്ചല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
ബജ്രംഗദള്‍, വിശ്വ ഹിന്ദു പരിഷത്ത്, ഹിന്ദു ജാഗ്രതാ സമിതി, ഹിന്ദു രാഷ്ട്ര സേന, ദുര്‍ഗാ വാഹിനി, സ്വദേശി ജാഗരണ്‍ മഞ്ച്, തുടങ്ങിയ സംഘടനകളാണ് ആര്‍.എസ്.എസിനു പുറമേ കത്തില്‍ പരാമര്‍ശിച്ച സംഘപരിവാര്‍ സംഘടനകള്‍.