മുംബൈ: ‘ഞങ്ങളവരോട് കരഞ്ഞുപറഞ്ഞു കൃഷി നശിപ്പിക്കരുതേയെന്ന്. ആറു കുഞ്ഞുങ്ങളുടെ വിശപ്പാറ്റാന്‍ ഇതല്ലാതെ മറ്റ് ഒന്നുമില്ലെന്ന്. അവരൊന്നും ചെവിക്കൊണ്ടില്ല’-കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി നടത്തിയെന്നാരോപിച്ച് പൊലീസ് തല്ലിച്ചതച്ച രാജ്കുമാര്‍ അഹിര്‍ദാസിന്റെ വാക്കുകളാണിത്.
കൃഷി നഷ്ടപ്പെട്ട രാജ്കുമാറും ഭാര്യയും തങ്ങളുടെ മക്കളുടെ മുന്നില്‍വെച്ച് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്.
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗുണയിലെ സ്ഥലത്ത് രാംകുമാര്‍ അഹിര്‍വാര്‍ കൃഷി ചെയ്യുന്നുണ്ട്. സ്ഥലത്ത് ഒരു മോഡല്‍ കോളേജ് സ്ഥാപിക്കാന്‍ ഗുണ ജില്ലാഭരണകൂടം ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കൃഷി നശിപ്പിച്ച സ്ഥലം ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടവും പൊലീസും ശ്രമിച്ചത്.
‘എനിക്ക് വേറെ വഴിയില്ലായിരുന്നു. വിള നശിപ്പിക്കരുതെന്ന് ഞാന്‍ അവരോട് യാചിച്ചെങ്കിലും അവര്‍ കേട്ടഭാവം നടിച്ചില്ല. കഴിഞ്ഞ വര്‍ഷവും അവര്‍ ഇത് ചെയ്തു. കൃഷിയ്ക്കായി എടുത്ത എന്റെ കടങ്ങള്‍ കൂടി. എന്റെ ആറ് മക്കളെ പോറ്റാന്‍ എനിക്കാവില്ലെന്ന് തോന്നി’- അഹിര്‍ദാസ് പറഞ്ഞു. ഇപ്പോള്‍ ഗുണ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് അഹിര്‍ദാസും ഭാര്യയും.
വിളകള്‍ നശിപ്പിക്കാനെത്തിയവരുടെ മുന്നില്‍വെച്ചാണ് അഹിര്‍ദാസും ഭാര്യ സാബിത്രിയും കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് അബോധാസ്ഥയിലായ ഇവരെ പൊലീസ് വാനില്‍ വലിച്ചിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പൊലീസ് ശ്രമിച്ചു.
പൊലീസ് വാന്‍ തടഞ്ഞ അഹിര്‍ദാസിന്റെ സഹോദരന്‍ ശിശുപാലിനെ പൊലീസ് വളഞ്ഞിട്ട് തല്ലി. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് പൊലീസുകാര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ 6 പൊലീസുകാരെ സസ്‌പെന്റ് ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഹിര്‍ദാസിന്റെ ഭാര്യ സാബിത്രിയുടെ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് സംസാരശേഷി പൂര്‍ണ്ണമായി വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.