പാറ്റ്‌ന: ബീഹാര്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ച് നിരാഹാര സമരം ആരംഭിച്ച ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പാറ്റ്‌നയിലെ ഗാന്ധി മൈതാനിയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പ്രശാന്ത് കിഷോറിനെ ബീഹാര്‍ പൊലീസ് തിങ്കളാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ബി.പി.എസ്.സി) കഴിഞ്ഞ മാസം നടത്തിയ പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരം ചെയ്യുമെന്ന് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചിരുന്നു. പരീക്ഷ റദ്ദാക്കണം, പുതിയ പരീക്ഷ നടത്തണം എന്നീ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് പ്രതിഷേധം. നിരാഹാരം ആറ് ദിവസം പിന്നിട്ടിരുന്നു.
ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രശാന്ത് കിഷോറും ഉദ്യോഗാര്‍ത്ഥികളും ഉയര്‍ത്തിയത്. സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയിലെ പകുതിയോളം സീറ്റുകള്‍ പണം വാങ്ങി വിറ്റെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ ജോലി ഒന്നരക്കോടി രൂപക്കാണ് വിറ്റതെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ ആരോപണം.
ബി.പി.എസ്.സി നടത്തിയ കമ്പയിന്റ് കോംപറ്റീറ്റീവ് എക്‌സാമിനേഷന്‍ 2024ന്റെ പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. ഡിസംബര്‍ 13ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നാണ് ആരോപണം.
സര്‍ക്കാര്‍ പുനഃപരീക്ഷ പ്രഖ്യാപിച്ചിരുന്നെങ്കിലും പരീക്ഷാ ക്രമക്കേടിനെതിരെ മൂന്നര ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നതായും എന്നാല്‍ പുനഃപ്പരീക്ഷ നടത്തിയപ്പോള്‍ 15000 പേര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചതെന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്.
എന്നാല്‍ പരീക്ഷ വീണ്ടും നടത്തിയതോടെ സംഭവിച്ച പിഴവുകള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി കിഷോര്‍ അവകാശപ്പെട്ടു.
‘പുനഃപരീക്ഷ നടത്തിയതിലൂടെ, ചില വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ നിയമപരമായി അംഗീകരിച്ചു,’ കിഷോര്‍ എ.എന്‍.ഐയോട് പറഞ്ഞു.
ബി.പി.എസ്.സി പരീക്ഷ റദ്ദാക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും ബീഹാര്‍ ഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെയും പിന്തുണ കിഷോര്‍ തേടിയിരുന്നു.
നേരത്തെ, ജില്ലാ ഭരണകൂടം കിഷോറിനും അദ്ദേഹത്തിന്റെ 150ഓളം അനുയായികള്‍ക്കുമെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു. സൈറ്റിലെ പ്രതിഷേധം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്.
Content Highlight: Bihar exam malpractice; Prashant Kishore, who is on hunger strike, is in police custody