| Sunday, 16th June 2019, 10:51 pm

ബീഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് ഞായറാഴ്ച മാത്രം മരണപ്പെട്ടത് ഇരുപത് കുട്ടികള്‍; ആശുപത്രിയില്‍ കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് നേരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ബീഹാറിലെ മുസഫര്‍പൂരില്‍ അക്യൂട്ട് എന്‍സിഫലൈറ്റിസ് സിന്‍ഡ്രോം (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ഞായറാഴ്ച മാത്രം മരിച്ചത് ഇരുപത് കുട്ടികള്‍. ജൂണില്‍ അസുഖം പൊട്ടിപുറപ്പെട്ടത് മുതല്‍ ഇതുവരെ 93 കുട്ടികളാണ് മരണപ്പെട്ടത്. 250 ലേറെ കുട്ടികള്‍ മുസഫര്‍പൂരിലെ രണ്ട് ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിലാണ്.

കുട്ടികളെ പ്രവേശിപ്പിച്ച ആശുപത്രികളിലൊന്നായ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ സന്ദര്‍ശനം നടത്തുന്നതിനിടെ അഞ്ചു വയസുള്ള കുട്ടി മരണപ്പെടുകയും കുട്ടിയുടെ ബന്ധുക്കള്‍ മന്ത്രിയ്‌ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. മറ്റു കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും മന്ത്രിയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നു.

ഹര്‍ഷ് വര്‍ധനൊപ്പം ആരോഗ്യ സഹമന്ത്രി അശ്വനി ചൗബെയും ബീഹാര്‍ ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെയും ഉണ്ടായിരുന്നു.

മുസഫര്‍പൂരില്‍ നിന്ന് പാറ്റ്‌നയിലേക്ക് മടങ്ങുന്നതിനിടയിലും മന്ത്രിയ്‌ക്കെതിരെ പ്രതിഷേധവും കരിങ്കൊടി കാണിക്കലുമുണ്ടായി. പ്രതിഷേധക്കാരെ ലാത്തി ഉപയോഗിച്ചാണ് പൊലീസ് പിരിച്ചു വിട്ടത്.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയെ തുടര്‍ന്ന് വരുന്ന രോഗാവസ്ഥയായ ഹൈപ്പോഗ്ലൈക്കീമിയ എന്ന രോഗം മൂലമാണ് കുട്ടികള്‍ മരിച്ചതെന്നാണ് ബിഹാര്‍ ആരോഗ്യ വകുപ്പിന്റെ വിശദീകരണം. കഴിഞ്ഞ വര്‍ഷവും മസ്തിഷ്‌ക്കവീക്കം ബാധിച്ച് ബിഹാറില്‍ പത്ത് കുട്ടികള്‍ മരിച്ചിരുന്നു.

മരണപ്പെട്ട കുട്ടികളുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ ബീഹാര്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more