| Wednesday, 5th August 2020, 5:42 pm

അടുത്ത അങ്കം ബീഹാറില്‍; പടനയിക്കാന്‍ ദേവഗൗഡ, ജെ.ഡി.എസിന്റെ നീക്കങ്ങള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കാന്‍ തീരുമാനിച്ച് ജെ.ഡി.എസ്. ഈ വര്‍ഷം ഒക്ടോബറിലോ നവംബറിലോ ആണ് ബീഹാറില്‍ തെരഞ്ഞെടുപ്പ്. 243 സീറ്റുകളിലും മത്സരിക്കുമെന്ന് ജെ.ഡി.എസ് സംസ്ഥാനാധ്യക്ഷന്‍ ഹല്‍ദാര്‍ കാന്ത് മിശ്ര അറിയിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും കാണിക്കുന്ന ഉത്സാഹവും പ്രവര്‍ത്തനവും കണക്കിലെടുത്ത് സംസ്ഥാനത്ത് ജെ.ഡി.എസിന്റെ അടിത്തറ വിപുലമാക്കണമെന്ന് പാര്‍ട്ടി നേതാവ് ദേവ ഗൗഡ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശമെന്നും മിശ്ര വ്യക്തമാക്കി.

പാര്‍ട്ടിയുടെ വിവിധ സെല്ലുകളിലെ അധ്യക്ഷന്മാരും ഭാരവാഹികളുമായി നടത്തിയ യോഗത്തിന് ശേഷമാണ് ഗൗഡ തീരുമാനം പ്രഖ്യാപിച്ചത്. ബീഹാര്‍ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍ പാര്‍ട്ടി എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ബീഹാറിലെ നിരവധി നേതാക്കളുമായി താന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവരെല്ലാം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബീഹാര്‍ നിലനിര്‍ത്താന്‍ കടുത്ത ശ്രമങ്ങളുമായി ബി.ജെ.പിയും രംഗത്തുണ്ട്. ഇതിനായി ദല്‍ഹിയിലെ അശോക റോഡിലുള്ള ബി.ജെ.പി ആസ്ഥാനത്ത് മുഴുവന്‍ സമയ വാര്‍ റൂം തയ്യാറായിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. പട്‌ന കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ബി.ജെ.പിയുടെ തീരുമാനം. ബീഹാറിലെ ജില്ലകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. ഈ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കായി ഒരു പ്രൊഫഷണല്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more