പട്‌ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടര്‍മാരോട് മാസ്‌ക് ധരിച്ച് പോളിങ്ങ് ബൂത്തില്‍ എത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും പോളിങ് ബൂത്തിലെത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി വോട്ടര്‍മാരോട് കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ആശ്യപ്പെട്ടത്.
ബീഹാറില്‍ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. 243 അസംബ്ലി മണ്ഡലങ്ങളിലെ 73 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. രാവിലെ 7 മണിക്കാണ് പോളിങ് ആരംഭിച്ചത്.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ബി.ജെ.പിയും ഒരുമിച്ചാണ് മത്സരിക്കുന്നത്. എന്‍.ഡി.എയില്‍ ഉണ്ടായിരുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി ഒറ്റയ്ക്കാണ് തെരഞ്ഞടുപ്പിനെ നേരിടുന്നത്.
ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ഒരുമിച്ചാണ് ബീഹാറില്‍ പോരാട്ടത്തിനിറങ്ങുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ തെരഞ്ഞെടുപ്പിന്.
പപ്പു യാദവിന്റെ നേതൃത്വത്തില്‍ പ്രോഗ്രസീവ് ഡെമോക്രാറ്റിക്ക് അലയന്‍സും ബീഹാറില്‍ മത്സരിക്കുന്നുണ്ട്. പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി ലോക് താന്ത്രിക്, ചന്ദ്രശേഖര്‍ ആസാദ് രാവണിന്റെ ആസാദ് സമാജ് പാര്‍ട്ടി, പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഘാഡി, എസ്.ഡി.പി.ഐ തുടങ്ങിയ പാര്‍ട്ടികളാണ് പ്രോഗ്രസീവ് ഡെമോക്രാറ്റിക്ക് സഖ്യത്തിലുള്ളത്.
നവംബര്‍ 3, 7 തീയ്യതികളിലായാണ് അടുത്ത ഘട്ട വോട്ടെടുപ്പ് നടക്കുക. നവംബര്‍ 10ന് ബീഹാര്‍ ആരു ഭരിക്കുമെന്ന് അറിയാം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Bihar Election- wear mak modi to voters