| Friday, 25th September 2020, 10:47 pm

ബി.ജെ.പിയുമായി ചങ്ങാത്തത്തിനുള്ള പോക്കാണ് ഉപേന്ദ്ര കുശ് വാഹയുടെതെന്ന് ആര്‍.ജെ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ മഹാസഖ്യം വിട്ടുപോവുകയാണെന്ന് ആര്‍.എല്‍.എസ്.പിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉപേന്ദ്ര കുശ് വാഹിനും പാര്‍ട്ടിക്കുമെതിരെ വിമര്‍ശനവുമായി ആര്‍.ജെ.ഡി.

എച്ച്.എ.എമ്മിന് പിന്നാലെ സഖ്യം ഉപേക്ഷിക്കാനുള്ള ആര്‍.എല്‍.എസ്.പിയുടെ തീരുമാനത്തിന് പിന്നില്‍ ബി.ജെ.പിയുമായി ബന്ധം സ്ഥാപിക്കാനുള്ള ലക്ഷ്യമാണെന്ന് പേരുവെളിപ്പെടുത്താതെ ആര്‍.ജെ.ഡി നേതാവ് പ്രതികരിച്ചു.

എന്‍.ഡി.എയുമായി ജിതന്‍ റാം മാഞ്ചിയും പാര്‍ട്ടിയും സഖ്യത്തില്‍ ഏര്‍പ്പെട്ടതുകൊണ്ടു തന്നെ ആര്‍.എല്‍.എസ്.പിക്ക് മുന്നില്‍ സമാനമായ വഴി തുറന്നുകിടപ്പുണ്ടെന്ന് ആര്‍.ജെ.ഡി നേതാവ് പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബീഹാറില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തിപ്പെട്ടത്. മഹാസഖ്യത്തില്‍ നിന്നും പാര്‍ട്ടി വിട്ടുപുറത്തുപോകുന്ന കാര്യം ഉപേന്ദ്ര കുശ് വാഹ വ്യാഴാഴ്ചയാണ് അറിയിച്ചത്.

മറ്റൊരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടാണ് പുതിയ രാഷ്ട്രീയവഴി തേടിപ്പോകുന്നതെന്നാണ് കുശ് വാഹാ പറഞ്ഞത്. ആര്‍.ജെ.ഡി നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല ആര്‍.എല്‍.എസ്.പിയുള്ളത്. സഖ്യത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച് അതൃപ്തി നേരത്തെ തന്നെ കുശ് വാഹ പ്രകടപ്പിച്ചിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രിയും എച്ച്.എ.എം മേധാവിയുമായ ജിതന്‍ റാം മാഞ്ചി മഹാസഖ്യം വിട്ടതിന് പിന്നാലെയാണ് കുശ് വാഹയും കടുത്ത നിലപാടിലേക്ക് നീങ്ങിയത്.

35 സീറ്റുകളാണ് ആര്‍.എല്‍.എസ്.പി ആവശ്യപ്പെട്ടതെങ്കിലും 12 ല്‍ അധികം സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് ആര്‍.ജെ.ഡിയുടെ നിലപാട്.

സഖ്യം വിട്ടുപോകാന്‍ ഇതും പ്രധാന കാരണമാണ്. അതേസമയം, തേജസ്വി പ്രസാദ് യാദവിന്റെ നേതൃത്വത്തോട് സഖ്യത്തില്‍ ഒരുവിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bihar Election RJD against RLSP

We use cookies to give you the best possible experience. Learn more