നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാകുന്ന ബീഹാറില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തിന് തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. ചെറിയ പാര്‍ട്ടികള്‍ എന്‍.ഡി.എയില്‍നിന്നും വിട്ടുനില്‍ക്കുന്നെന്നാണ് സൂചനകള്‍.
പ്രധാനമായും ചെറിയ പാര്‍ട്ടികളുടെ പിന്തുണയാണ് എന്‍.ഡി.എ സഖ്യത്തെ വീഴാതെ പിടിച്ചുനിര്‍ത്തിയിരുന്നത്. എന്നാല്‍ ഇവ സഖ്യത്തിന് പുറത്തേക്കെന്ന സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് എല്‍.ജെ.പി പല ഘട്ടത്തിലും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ഹിന്ദുസ്ഥാനി അവാം മോര്‍ച്ച(എച്ച്.എ.എം), രാഷ്ട്രീയ ലോക്താന്ത്രിക് സമത പാര്‍ട്ടി (ആര്‍.എല്‍.എസ്.പി), വികാശ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി.ഐ.പി) എന്നീ പാര്‍ട്ടികള്‍ എങ്ങോട്ട് തിരിയും എന്നത് മഹാബന്ധന്‍ സഖ്യത്തിനും തലവേദനയാവുന്നുണ്ട്.
എച്ച്.എ.എം, എല്‍.ജെ.പി എന്നിവയാണ് ബീഹാറിലെ ദളിത് വോട്ടുബാങ്കായി അറിയപ്പെടുന്ന പാര്‍ട്ടികള്‍. ഇവരെ പിണക്കുന്നത് തിരിച്ചടിയുണ്ടാക്കും എന്ന വിലയിരുത്തല്‍ ഇരു സഖ്യത്തിനുമുണ്ട്. ബീഹാര്‍ രാഷ്ട്രീയത്തിലെ 16 ശതമാനം വരുമിത്.
സംസ്ഥാനത്തെ മൊത്തം ദളിത് ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെയുള്ള മുസാഹറുകള്‍ എച്ച്.എ.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജിതാന്‍ റാം മഞ്ജിയെ പിന്തുണയ്ക്കാന്‍ വിശാലമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും, 4.5 ശതമാനം വോട്ടര്‍മാരുള്ള പാസ്വാന്‍, ദുസാദ് വിഭാഗങ്ങള്‍ എല്‍.ജെ.പി നേതാവ് റാം വിലാസ് പാസ്വാനെയാണ് പിന്തുണയ്ക്കുന്നത്.
എന്‍.ഡി.എ സഖ്യവും കോണ്‍ഗ്രസിന്റെയും ആര്‍.ജെ.ഡിയുടെയും നേതൃത്വത്തിലുള്ള മഹാബന്ധന്‍ സഖ്യവും സാമൂഹിക സമത്വം നിലനിര്‍ത്താനായി ദളിത് സമുദായങ്ങളെ കൂടെ നിര്‍ത്താന്‍ തിരക്കിട്ട് പരിശ്രമിക്കുന്നുമുണ്ട്.
കൂടാതെ, ദളിത് വിഭാഗത്തിലെ മൂന്നാമത്തെ പ്രധാന കക്ഷികളായ രാജാക്കുകളെയും ചാമറുകളെയും ആകര്‍ഷിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കാരണം ബീഹാറില്‍ ദളിതര്‍ക്ക് ഏകദേശം 50 നിയമസഭാ സീറ്റുകളെ വരെ സ്വാധീനിക്കാന്‍ കഴിയും. ഇതില്‍ 37 പട്ടികജാതിക്കാര്‍ക്കും രണ്ട് പട്ടികവര്‍ഗ്ഗക്കാര്‍ക്കുമായി സംവരണം ചെയ്തിട്ടുള്ളതുമാണ്.
ഇക്കാര്യങ്ങള്‍കൊണ്ടുതന്നെ, എല്‍.ജെ.പിയും എച്ച്.എ.എമ്മും ബീഹാര്‍ രാഷ്ട്രീയത്തിന്റെ പ്രധാന ഘടകങ്ങളായി മാറിയിരിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ ചോദ്യം ചെയ്യുമ്പോള്‍ത്തന്നെ, കുറഞ്ഞത് 94 നിയമസഭാ സീറ്റുകളിലെങ്കിലും മത്സരിക്കാനുള്ള ശ്രമമാണ് എല്‍.ജെ.പി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രധാന പ്രാദേശിക കക്ഷികളായ എല്‍.ജെ.പിയും ജെ.ഡി.യുവും തമ്മില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വിള്ളല്‍, സീറ്റ് വിഭജനത്തിലടക്കം ബി.ജെ.പിക്ക് സങ്കീര്‍ണമായ അവസ്ഥയുണ്ടാക്കുന്നുണ്ട്. സാഹചര്യം ലഘൂകരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
എല്‍.ജെ.പി നിലപാടുകള്‍ കടുപ്പിക്കുന്നത് തെരഞ്ഞെടുപ്പില്‍ മങ്ങലുണ്ടാക്കുമെന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ സഖ്യത്തിന്റെ നേതാവായിരിക്കെ, 243 സീറ്റില്‍ 42 ഇടങ്ങളില്‍ എല്‍.ജെ.പി മത്സരിച്ചിരുന്നു. എന്നാല്‍ ഇത്തവണ 94 സീറ്റുകള്‍ വേണമെന്നാണ് എല്‍.ജെ.പി ആവശ്യപ്പെട്ടിരിക്കുന്നത്.
സീറ്റ് വിഭജനത്തിന്റെ ഘട്ടമെത്തുമ്പോള്‍ തങ്ങളുടെ ശക്തി മനസിലാക്കാതെ ആര്‍.ജെ.ഡി ഇടയുകയാണെന്നാണ് എല്‍.ജെ.പി ആരോപിക്കുന്നത്. അതേസമയം, നിതീഷ് കുമാറിനെതിരെ എല്‍.ജെ.പി സമീപകാലത്തായി നടത്തിയ പ്രസ്താവനകള്‍ ജെ.ഡി.യുവിനെ ചൊടിപ്പിക്കുന്നുമുണ്ട്.
കോണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിങിന്റെ നിര്‍ദ്ദേശ പ്രകാരം എല്‍.ജെ.പി കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇത് സഖ്യത്തിനുള്ളില്‍ പ്രതിസന്ധികളുണ്ടാക്കുന്നുണ്ട്. ഇക്കാര്യം രാം വിലാസ് പസ്വാന്‍ പരസ്യമായി നിഷേധിച്ചിട്ടുമില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക