| Tuesday, 10th November 2020, 8:15 pm

അഞ്ച് സീറ്റില്‍ ജയം; ബീഹാറില്‍ നിര്‍ണായകമായി ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം. അഞ്ച് സീറ്റുകളില്‍ വിജയിച്ച ഉവൈസിയുടെ പാര്‍ട്ടിയുടെ നിലപാട് എന്തായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

സീമാഞ്ചല്‍ മേഖലയിലെ അഞ്ച് മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം ജയിച്ചത്. ആര്‍.ജെ.ഡി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ന്യൂനപക്ഷ വോട്ടുകളാണ് എ.ഐ.എം.ഐ.എമ്മിലേക്ക് കൂടുതല്‍ എത്തിയത്.

ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍.എല്‍.എസ്.പി, ബി.എസ്.പി എന്നിവര്‍ക്കൊപ്പം 24 സീറ്റിലാണ് എ.ഐ.എം.ഐ.എം മത്സരിച്ചത്. സീമാഞ്ചലില്‍ മാത്രം 14 സീറ്റിലാണ് പാര്‍ട്ടി മത്സരിച്ചത്.

മൂന്നാം മുന്നണിയില്‍ മത്സരിക്കാനുള്ള ഉവൈസിയുടെ തീരുമാനത്തെ കോണ്‍ഗ്രസ് നേരത്തെ വിമര്‍ശിച്ചിരുന്നു. ബി.ജെ.പിയുടെ ‘ബി’ ടീമെന്നാണ് കോണ്‍ഗ്രസ് എ.ഐ.എം.ഐ.എമ്മിനെ വിമര്‍ശിച്ചിരുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ 63 ശതമാനം വര്‍ധനവാണ് വരുത്തിയത്. ഒരു ബൂത്തില്‍ 1,000 വോട്ടര്‍മാരെ മാത്രമാക്കി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.

65,000 ബൂത്തുകള്‍ക്ക് പകരം ഇത്തവണ 1.06 ലക്ഷം ബൂത്തുകളാണ് ഒരുക്കിയത്. അതുകൊണ്ട് തന്നെ 1.06 ലക്ഷം ഇ.വി.എമ്മുകളാണ് കൗണ്ട് ചെയ്യാനുള്ളത്.

മുന്‍പ് 25-26 റൗണ്ട് മാത്രമുണ്ടായിരുന്ന വോട്ടെണ്ണല്‍ ഇത്തവണ കൊവിഡ് മാനദണ്ഡങ്ങള്‍ കാരണം 35 റൗണ്ടുകളായി ഉയര്‍ത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bihar Election Results AIMIM Asadudhin Owaisi

We use cookies to give you the best possible experience. Learn more