Bihar Election 2020
ബീഹാറില്‍ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചെന്ന് എന്‍.ഡി.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 10, 06:07 pm
Tuesday, 10th November 2020, 11:37 pm

പാട്‌ന: ബീഹാറില്‍ വോട്ടണ്ണല്‍ പുരോഗമിക്കവെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ബി.ജെ.പി. ബീഹാറില്‍ എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം ലഭിച്ചെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം 53 സീറ്റുകളുടെ ഫലം ഇനിയും പുറത്തുവരാനുണ്ട്. 190 സീറ്റുകളുടെ ഫലമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ കണക്ക് പ്രകാരം 123 സീറ്റുകളിലാണ് എന്‍.ഡി.എ ജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്.

112 സീറ്റിലാണ് മഹാസഖ്യത്തിന്റെ മുന്നേറ്റം. അതേസമയം വോട്ടെണ്ണലില്‍ കൃത്രിമത്വം ആരോപിച്ച് മഹാസഖ്യം രംഗത്തെത്തിയിട്ടുണ്ട്.

ഇക്കാര്യം ചൂണ്ടിക്കാട്ടി സി.പി.ഐ.എല്ലും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

മഹാസഖ്യം വിജയിച്ച 119 സ്ഥലങ്ങളിലെ ലിസ്റ്റും ആര്‍.ജെ.ഡി ട്വീറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ നിതീഷ് കുമാര്‍ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും ആര്‍.ജെ.ഡി പറഞ്ഞു.

റിട്ടേണിംഗ് ഓഫീസര്‍മാര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ അഭിനന്ദിച്ചുവെന്നും ട്വീറ്റിലുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ കണക്ക് പ്രകാരം ആര്‍.ജെ.ഡി 23.3 ശതമാനം വോട്ട് നേടിയപ്പോള്‍ ബി.ജെ.പി 19.5 ശതമാനം വോട്ടാണ് നേടിയത്. കോണ്‍ഗ്രസ് 9.2 ശതമാനം വോട്ടും ജെ.ഡിയു 15.1 ശതമാനം വോട്ടുമാണ് നേടിയത്.

കൊവിഡ് പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ 63 ശതമാനം വര്‍ധനവാണ് വരുത്തിയത്. ഒരു ബൂത്തില്‍ 1,000 വോട്ടര്‍മാരെ മാത്രമാക്കി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.

65,000 ബൂത്തുകള്‍ക്ക് പകരം ഇത്തവണ 1.06 ലക്ഷം ബൂത്തുകളാണ് ഒരുക്കിയത്. അതുകൊണ്ട് തന്നെ 1.06 ലക്ഷം ഇ.വി.എമ്മുകളാണ് കൗണ്ട് ചെയ്യാനുള്ളത്.

38 സ്ഥലങ്ങളിലായാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. മുന്‍പ് 25-26 റൗണ്ട് മാത്രമുണ്ടായിരുന്ന വോട്ടെണ്ണല്‍ ഇത്തവണ കൊവിഡ് മാനദണ്ഡങ്ങള്‍ കാരണം 35 റൗണ്ടുകളായി ഉയര്‍ത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bihar Election Results NDA Claim Win