പട്‌ന: എസ്.ഡി.പി.ഐ ഉള്‍പ്പെട്ട പ്രോഗ്രസീവ് ഡെമോക്രാറ്റിക്ക് സഖ്യത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അയച്ച കത്തിന് മറുപടിയുമായി പാര്‍ട്ടിയുടെ ബീഹാര്‍ ഘടകം.
പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ ആവശ്യ പ്രകാരം കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തിന് പിന്തുണ നല്‍കാമെന്നും എന്നാല്‍ സംസ്ഥാനത്തെ അണികള്‍ക്കിടയില്‍ സംജാതമായ അനിശ്ചിതാവസ്ഥയ്ക്ക് കേന്ദ്ര നേതൃത്വം തന്നെ പരിഹാരം കാണണമെന്നും സംസ്ഥാന പ്രസിഡന്റ് എസ്. നയീം അഖ്തര്‍ അയച്ച മറുപടി കത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ വര്‍ഷങ്ങളായി ലക്ഷങ്ങള്‍ ചെലവിട്ട് പ്രവര്‍ത്തനം നടത്തുന്നവര്‍ പട്‌നയിലെത്തി തങ്ങളെ കൈകാര്യം ചെയ്‌തേക്കുമെന്ന ആശങ്കയും കത്തില്‍ അഖ്തര്‍ പങ്കുവെക്കുന്നുണ്ട്.
ബീഹാര്‍ ഘടകം അയച്ച കത്തില്‍ പറയുന്നത് ഇങ്ങനെ
1. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം എസ്.ഡി.പി.ഐയോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് പ്രോഗ്രസീവ് ഡെമോക്രാറ്റിക്ക് സഖ്യത്തില്‍ നിന്ന് പിന്മാറുകയും ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.
2. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മാനിക്കുന്നതിനായി ചില സീറ്റുകളില്‍ മത്സരിക്കാന്‍ മുസ്‌ലിം ലീഗിന് അനുവാദം നല്‍കണം. ഇത് ബീഹാറിലെ മുസ്‌ലിം ലീഗിനെ സംരക്ഷിക്കാന്‍ ആവശ്യമാണ്.
3. കോണ്‍ഗ്രസും ആര്‍.ജെ.ഡിയുമടങ്ങുന്ന മഹാസഖ്യത്തെ പിന്തുണക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങള്‍ മത്സരിക്കുന്ന സീറ്റുകളിലൊഴികെ ബാക്കിയുള്ളതിലെല്ലാം കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തിന് പിന്തുണ നല്‍കാം.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി ലോക് താന്ത്രിക്, ചന്ദ്രശേഖര്‍ ആസാദ് രാവണിന്റെ ആസാദ് സമാജ് പാര്‍ട്ടി, പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഘാഡി, എസ്.ഡി.പി.ഐ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച പ്രോഗ്രസീവ് ഡെമോക്രാറ്റിക്ക് സഖ്യത്തില്‍ ചേരാന്‍ മുസ്‌ലിം ലീഗ് തീരുമാനിച്ചത് കേന്ദ്ര നേതൃത്വത്തില്‍ വലിയ എതിര്‍പ്പുകള്‍ക്ക് വഴിവെച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യത്തിന് കേന്ദ്ര നേതൃത്വം മറുപടി നല്‍കാതിരുന്നതോടെയാണ് പാര്‍ട്ടിയുടെ ബീഹാര്‍ ഘടകം ഡെമോക്രാറ്റിക് സഖ്യത്തിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Bihar Election: Muslim League state committee replies to p.k kunjalikutty