| Saturday, 7th November 2020, 7:27 pm

ബീഹാറില്‍ ഇടതുപാര്‍ട്ടികള്‍ക്ക് വന്‍ മുന്നേറ്റം; 13 സീറ്റ് വരെ പ്രവചിച്ച് എ.ബി.പി ന്യൂസ് എക്‌സിറ്റ് പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എ.ബി.പി എക്‌സിറ്റ് പോള്‍. മഹാസഖ്യത്തിനൊപ്പം മത്സരിച്ച ഇടതിന് ആറ് മുതല്‍ 13 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം.

29 സീറ്റുകളിലാണ് ഇടതുപാര്‍ട്ടികള്‍ ബീഹാറില്‍ മത്സരിച്ചത്. സി.പി.ഐ.എം.എല്‍ 19 സീറ്റിലും സി.പി.ഐ ആറ് സീറ്റിലും സി.പി.ഐ.എം 4 സീറ്റിലുമാണ് മത്സരിച്ചത്.

2015 ല്‍ നാല് സീറ്റാണ് ഇടതുപാര്‍ട്ടികള്‍ക്ക് ലഭിച്ചിരുന്നത്.

മഹാസഖ്യത്തെ നയിച്ച ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും എബിപി ന്യൂസ് പ്രവചിക്കുന്നു. ആര്‍.ജെ.ഡിയ്ക്ക് 81 മുതല്‍ 89 വരെ സീറ്റും കോണ്‍ഗ്രസിന് 21-29 സീറ്റുമാണ് മഹാസഖ്യത്തില്‍ ലഭിക്കുക.

മഹാസഖ്യത്തിന് ആകെ 108 മുതല്‍ 131 വരെ സീറ്റാണ് എ.ബി.പി പ്രവചിക്കുന്നത്. എന്‍.ഡി.എയ്ക്ക് 104-128 സീറ്റ് ലഭിക്കുമെന്നാണ് എബിപി ന്യൂസ് എക്‌സിറ്റ് പോള്‍ പ്രവചനം.

ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും മഹാസഖ്യത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്.

ടൈംസ് നൗ-സീ വോട്ടര്‍ എക്സിറ്റ് പോള്‍ പ്രകാരം മഹാസഖ്യത്തിന് 120 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. എന്‍.ഡി.എയ്ക്ക് 116 ഉം എല്‍.ജെ.പിയ്ക്കും ഒന്നും സീറ്റാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് ആറ് സീറ്റ് ലഭിക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

റിപ്പബ്ലിക് ടി.വി- ജന്‍ കി ബാത്ത് സര്‍വ്വേയിലും മഹാസഖ്യത്തിനാണ് മുന്നേറ്റം. മഹാസഖ്യം 118 മുതല്‍ 139 വരെ സീറ്റും എന്‍.ഡി.എയ്ക്ക് 91 മുതല്‍ 117 സീറ്റുമാണ് പ്രവചിക്കുന്നത്.

എല്‍.ജെ.പിയ്ക്ക് 5-8 സീറ്റും റിപ്പബ്ലിക് ടി.വി- ജന്‍ കി ബാത് പ്രവചിക്കുന്നു.

അതേസമയം ഇന്ത്യാ ടി.വി എക്സിറ്റ് പോള്‍ പ്രകാരം എന്‍.ഡി.എയ്ക്കാണ് അനുകൂലം. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും എന്‍.ഡി.എ 112 സീറ്റ് നേടുമെന്നും ഇന്ത്യാ ടി.വി പ്രവചിക്കുന്നു. മഹാസഖ്യത്തിന് 110 സീറ്റാണ് പ്രവചിക്കുന്നത്.

243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bihar Election Left Parties Performance

We use cookies to give you the best possible experience. Learn more