|

എന്നും എതിര്‍ക്കുന്ന കോണ്‍ഗ്രസുമായും ആര്‍.ജെ.ഡിയുമായും എന്തിന് സഖ്യം ചേര്‍ന്നു; മറുപടിയുമായി കനയ്യ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബിഹാറില്‍ എന്തുകൊണ്ടാണ് ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തിന്റെ ഭാഗമായതെന്ന് വിശദീകരിച്ച് കനയ്യ കുമാര്‍. ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പി പ്രയോഗിക്കുന്ന ഹിന്ദുത്വ അജണ്ടയ്ക്കും ബിഹാറിലെ നിതീഷ് കുമാറിന്റെ നയങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടം എന്ന നിലയ്ക്കാണ് സഖ്യത്തിന്റെ ഭാഗമായതെന്ന് കനയ്യ പ്രതികരിച്ചു.

ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എപ്പോഴും കടുത്ത വിമര്‍നമുന്നയിക്കുന്ന കോണ്‍ഗ്രസിനൊപ്പം ആര്‍.ജെ.ഡി സഖ്യത്തില്‍ ചേര്‍ന്നതെന്തിനെന്നായിരുന്നു കനയ്യയോടുള്ള ചോദ്യം. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എല്ലാ പാര്‍ട്ടികളും ഏതെങ്കിലും സാഹചര്യത്തില്‍ പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കാറുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കനയ്യയുടെ വാക്കുകള്‍:

1990 ല്‍ ലാലുപ്രസാദ് ആദ്യമായി മുഖ്യമന്ത്രിയാകുന്നത് സി.പി.ഐയുടെ പിന്തുണയോടെയാണ്. ബി.ജെ.പിയും ആ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചിരുന്നു. നോക്കൂ, ഇന്ത്യന്‍ രാഷ്ട്രീയമെന്നത് എല്ലാ പാര്‍ട്ടികളും പരസ്പരം ഏതെങ്കിലും സാഹചര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്ന ഒന്നാണ്.

ബിഹാറിന്റെ കാര്യമെടുത്താല്‍ കഴിഞ്ഞ 15 വര്‍ഷമായി ബി.ജെ.പി പരോക്ഷമായും പ്രത്യക്ഷമായും ഭരണത്തിലുണ്ട്. നിതീഷിന്റെ നവ ഉദാരവല്‍ക്കരണനയങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്.

ബി.ജെ.പിയാകട്ടെ അവരുടെ വര്‍ഗീയ അജണ്ട ഹിന്ദി ഹൃദയഭൂമിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ഉത്തര്‍പ്രദേശിനെ പോലെ ബിഹാറിനെ മാറ്റണം എന്നതാണ് ലക്ഷ്യം.

അവിടെ അവര്‍ ആദ്യം എസ്.പിയുമായും ബി.എസ്.പിയുമായും മാറി മാറി സര്‍ക്കാരുണ്ടാക്കി. ഇന്നവിടെ ഒറ്റയ്ക്ക് ഭരിക്കാവുന്ന സര്‍ക്കാര്‍ രൂപീകരിച്ചു. യു.പിയില്‍ എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം.

സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള മാധ്യമപ്രവര്‍ത്തകന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല. ബലാത്സംഗങ്ങള്‍ പോലുള്ള കുറ്റകൃത്യങ്ങള്‍ ദിവസേന നടക്കുന്നു, സര്‍ക്കാര്‍ പ്രതികള്‍ക്ക് വേണ്ടി സംസാരിക്കുന്നു. എപ്പോഴാണോ നിതീഷ് കുമാര്‍ തളരുന്നത് അപ്പോള്‍ ബി.ജെ.പി അധികാരം പിടിച്ചെടുക്കും. ഞങ്ങള്‍ക്ക് മുന്നിലുള്ള വെല്ലുവിളിയും അതാണ്.

ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയെ എതിര്‍ക്കുക എന്നതാണ് ഇടത്-പുരോഗമന പാര്‍ട്ടികളുടെ ലക്ഷ്യം. അതുകൊണ്ടാണ് ഞങ്ങള്‍ ഇടത്-ജനാധിപത്യ-മതേതര സഖ്യം രൂപീകരിച്ചത്.

ഒക്ടോബര്‍ 28 നാണ് ബിഹാറില്‍ വോട്ടെടുപ്പ്. ലാലു പ്രസാദ് യാദവിന്റെ അഭാവത്തില്‍ മകന്‍ തേജസ്വി യാദവാണ് ബീഹാറില്‍ ആര്‍.ജെ.ഡിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നത്.

തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ എന്‍.ഡി.എയുടെ ഭാഗമായിരുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി സഖ്യം ഉപേക്ഷിച്ച് സ്വതന്ത്രമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bihar Election Kanhaiya Kumar on R.J.D- Congress Alliance

Video Stories