|

ബീഹാറില്‍ നിതീഷ് വിരുദ്ധവികാരം പ്രകടം? 71ല്‍ നിന്ന് 47ലേക്ക് ചുരുങ്ങി ജെ.ഡി.യു; നിതീഷിന് കനത്ത നഷ്ടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രി നിതീഷിന്റെ പാര്‍ട്ടിക്ക് വന്‍ നഷ്ടം. തെരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുമ്പോള്‍ 47 സീറ്റുകളിലാണ് ജെ.ഡി.യു മുന്നേറുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ 71 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്താണ് ജെ.ഡി.യുവിന് ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ 47 സീറ്റുകളിലേക്ക് ചുരുങ്ങുന്ന സ്ഥിതിയുണ്ടായിരുന്നത്.

നിതീഷ് കുമാര്‍ വിരുദ്ധവികാരം പ്രകടമാകുന്നുവെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത് മുതലുള്ള ജെ.ഡി.യുവിന്റെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിന് സംഭവിച്ച നഷ്ടം കൊവിഡ് കാരണമാണെന്നും തേജസ്വിയ്‌ക്കോ ആര്‍.ജെ.ഡിക്കോ നിതീഷിനെതിരെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നുമായിരുന്നു നേരത്തെ പാര്‍ട്ടി നേരിട്ട തോല്‍വി സമ്മതിച്ച് കൊണ്ട് ജെ.ഡി.യു ഔദ്യോഗിക വക്താവ് കെസി ത്യാഗി പറഞ്ഞത്. ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പിലുടനീളം തൊഴിലില്ലായ്മയും കാര്‍ഷിക സംബന്ധമായ ചര്‍ച്ചകളും ഉയര്‍ത്തിക്കൊണ്ട് വരാന്‍ മഹാസഖ്യത്തിനായിരുന്നു. അതുകൊണ്ട് തന്നെ ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം ഏറ്റവുമധികം നിര്‍ണായകമാവുക ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനാണ്. എന്‍.ഡി.എക്കകത്ത് നിതീഷിന് കടുത്ത സമ്മര്‍ദ്ദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ തോറ്റാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം നിതീഷിന്റെ തലയിലാകും. ഇനി ജയിക്കുകയാണെങ്കില്‍ കയ്യടി ലഭിക്കുക മോദിക്കായിരിക്കും.

എന്നാല്‍ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ വലിയ ഭൂരിപക്ഷം ബി.ജെ.പി നേടുമ്പോഴും പ്രതീക്ഷിച്ച ഉയര്‍ച്ച നിതീഷിന് ലഭിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

നിതീഷ് കുമാറിന്റെ ജനപ്രീതി പെട്ടെന്ന് കുറയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. നിതീഷ് കുമാറിന്റെ ഭരണത്തില്‍ സംതൃപ്തിയുള്ള ആളുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടാവുന്നതെന്ന് ചൂണ്ടിക്കാട്ടി ബീഹാറില്‍ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ ശരിവക്കുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

2005 ലും 2010 ലും ഇത്തരത്തില്‍ ഒരു ഭരണവിരുദ്ധത നിതീഷ് നേരിട്ടിട്ടുമില്ല.

നിതീഷ് കുമാറിന്റെ ജനപ്രീതിയിലെ മാറ്റത്തില്‍ മോദി ഒരു കാരണമായിട്ടുണ്ട് എന്നാണ് സൂചനകള്‍. ബീഹാറില്‍ 27 ശതമാനം വോട്ടര്‍മാരും നരേന്ദ്രമോദിയെ മുന്നില്‍ കണ്ടുകൊണ്ടാണ് എന്‍.ഡി.എക്ക് വോട്ട് നല്‍കുന്നത്. 16 ശതമാനം മാത്രമാണ് നിതീഷിന്റെ പ്രവര്‍ത്തനം കണക്കിലെടുത്ത് വോട്ട് നല്‍കുന്നത്. 29 ശതമാനം പേര്‍ എം.എല്‍.എമാരുടെ പ്രവര്‍ത്തനം നോക്കിയെന്നാണ് പറയുന്നത്.

എന്‍.ഡി.എയെ പിന്തുണയ്ക്കുന്നവരെ നോക്കുമ്പോള്‍, 33% പേര്‍ നിതീഷ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് തങ്ങള്‍ വോട്ട് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ 42% പേര്‍ വോട്ട് ചെയ്യുന്നത് മോദി സര്‍ക്കാരിനെ അടിസ്ഥാനമാക്കിയാണ് (എംഎല്‍എമാരുടെ പ്രവര്‍ത്തനം അടിസ്ഥാനമാക്കി 8%).

ചുരുക്കത്തില്‍ നിതീഷിനെക്കാളും ബീഹാറില്‍ പ്രധാന രാഷ്ട്രീയ ആകര്‍ഷണം നരേന്ദ്ര മോദിയാണെന്ന വാദവും ശരിയാകുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highligh: Bihar Election Hate campaign against Nitish Kumar is visible in Bihar polls

Video Stories