ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മാറ്റമില്ല; കൊവിഡ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമല്ലെന്ന് സുപ്രീം കോടതി
national news
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മാറ്റമില്ല; കൊവിഡ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമല്ലെന്ന് സുപ്രീം കോടതി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th August 2020, 12:29 pm

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട രണ്ട് ഹരജികളും സുപ്രീം കോടതി തള്ളി. കൊവിഡ് സാഹചര്യവും ബീഹാറില്‍ പലയിടുത്തുമുള്ള പ്രളയവും പരിഗണിച്ച് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നായിരുന്നു ഹരജിക്കാര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഇക്കാര്യം തീരുമാനിക്കേണ്ടത് സുപ്രീം കോടതിയല്ല തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കൊവിഡ് 19 തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമായി പരിഗണിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അസാധാരണ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കാമെന്ന് ജനപ്രാതിനിധ്യ നിയമത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് എന്നായിരുന്നു ഹരജിക്കാരന്‍ കോടതിയെ അറിയിച്ചത്. എം.എല്‍.എമാരും ജനങ്ങളുമെല്ലാം വലിയ ആരോഗ്യ ഭീഷണി നേരിടുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും അതുകൊണ്ട് ഇതൊരു അസാധാരണ സാഹചര്യമായി പരിഗണിച്ച് തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിക്കാരന്റെ പ്രധാന വാദം.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കാന്‍ സുപ്രീം കോടതിയ്ക്ക് സാധിക്കില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബീഹാറില്‍ ഒക്ടോബര്‍ മാസത്തിലോ നവംബര്‍ ആദ്യവാരത്തിലോ തെരഞ്ഞടുപ്പ് നടത്താനുള്ള നീക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതുമായി ബന്ധപ്പെട്ട് കൊവിഡ് പ്രോട്ടോക്കോള്‍ അടങ്ങുന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ