| Wednesday, 7th October 2020, 6:13 pm

ബീഹാറില്‍ ബി.ജെ.പി നേതാക്കള്‍ കൂട്ടമായി എല്‍.ജെ.പിയിലേക്ക്; നിതീഷ് കുമാറിന് കടുത്ത അതൃപ്തി; സമാശ്വസിപ്പിച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍.ഡി.എ സഖ്യത്തിന് ശക്തമായ തിരിച്ചടി നല്‍കികൊണ്ട് ബി.ജെ.പി നേതാക്കള്‍ കൂട്ടമായി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയിലേക്ക്.

ഏറ്റവും ഒടുവിലായി ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഉഷ വിദ്യാര്‍ത്ഥിയാണ് ലോക് ജനശക്തി പാര്‍ട്ടിയിലേക്ക് പോയത്. ബുധനാഴ്ച ന്യൂദല്‍ഹിയില്‍ വെച്ചാണ് ചിരാഗ് പാസ്വാന്റെ സാന്നിധ്യത്തില്‍ ഇവര്‍ എല്‍.ജെ.പിയില്‍ ചേര്‍ന്നത്.

ബീഹാറിനെ മുന്നോട്ട് നയിക്കാന്‍ ചില ശക്തമായ തീരുമാനങ്ങള്‍ ആവശ്യമാണെന്നായിരുന്നു എല്‍.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ വിദ്യാര്‍ത്ഥിയുടെ പ്രതികരണം.

ചൊവ്വാഴ്ച ബി.ജെ.പിയുടെ രാജേന്ദ്ര സിംഗും എല്‍.ജെ.പിയില്‍ ചേര്‍ന്നിരുന്നു. 2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള ആളായി വിലയിരുത്തപ്പെട്ടയാളാണ് രാജേന്ദ്ര സിംഗ്. ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം രാമേശ്വര്‍ ചൗരസ്യ, അഞ്ച് തവണ ബി.ജെ.പി എം.എല്‍.എയായ ജവഹര്‍ പ്രസാദ് എന്നിവരും എല്‍.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

പാര്‍ട്ടിക്കുള്ളില്‍ വിമത നീക്കം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ബീഹാറില്‍ ബി.ജെ.പിയുടെ ചുമതല വഹിക്കുന്ന ദേവേന്ദ്ര ഫഡ്നാവിസ് എല്‍.ജെ.പിയുമായി സഹകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.

എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പുറത്തു പോയതിന് പിന്നാലെ ബി.ജെ.പി- എല്‍.ജെ.പി സഖ്യമാണ് ബീഹാര്‍ ഭരിക്കാന്‍ പോകുക, അതിനാല്‍ നിതീഷ് കുമാറിന് വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ചിരാഗ് പാസ്വാന്‍ രംഗത്തെത്തിയിരുന്നു.

ബി.ജെ.പി നേതാക്കള്‍ കൂട്ടമായി എല്‍.ജെ.പിയിലേക്ക് പോകുന്ന നടപടിയില്‍ നിതീഷ് കുമാറിന് കടുത്ത നീരസമുണ്ട്. ഇതിന് പിന്നാലെ ജെ.ഡി.യു മുഖ്യമന്ത്രിയെ സമാശ്വസിപ്പിക്കാന്‍ ബി.ജെ.പി നേതാക്കള്‍ കൂട്ടമായി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.

നിതീഷ് കുമാര്‍ തന്നെയായിരിക്കും ബിഹാറിന്റെ മുഖ്യമന്ത്രിയെന്ന് ഉറപ്പിക്കാനാണ് നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്.

അതിനിടെ ചിരാഗ് പാസ്വാന്‍ നരേന്ദ്ര മോദിയുടെ ചിത്രമടക്കം ഉപയോഗിച്ച് മറുഭാഗത്ത് പ്രചരണം നടത്തുകയാണ്. ഇതിന് പിന്നാലെ മോദിയുടെ ചിത്രം പ്രചരണത്തിന് ഉപയോഗിക്കുകയാണെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ സഞ്ജയ് ജസ്വാള്‍ പ്രതികരിച്ചിരുന്നു.

പൊലീസ് പരാതി ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പാസ്വാന് മുന്നറിയിപ്പ് നല്‍കികൊണ്ട് ബി.ജെ.പി പറഞ്ഞത്.

ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാറുമായി ചിരാഗ് പാസ്വാന് വലിയ രീതിയിലുള്ള അഭിപ്യായവ്യത്യാസമുണ്ടായിരുന്നു.നിതീഷ് കുമാറുമായി തനിക്കുള്ള വിയോജിപ്പ് പല അവസരങ്ങളില്‍ ചിരാഗ് പാസ്വാന്‍ പ്രകടിപ്പിച്ചിട്ടുള്ളതാണ്.

എന്നാല്‍ എല്‍.ജെ.പിക്ക് ബി.ജെ.പിയുമായി വലിയ രീതിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ട്.

മുന്‍ മുഖ്യമന്ത്രിയും എച്ച്.എ.എം മേധാവിയുമായ ജിതന്‍ റാം മാഞ്ചി എന്‍.ഡി.എയിലേക്ക് എത്തിയതും എല്‍.ജെ.പി.ക്ക് അതൃപ്തിയുണ്ടാക്കിയിരുന്നു. ചിരാഗ് പാസ്വാനെതിരെയുള്ള നിതീഷ് കുമാറിന്റെ കരുനീക്കമായാണ് മാഞ്ചിയുടെ വരവിനെ വിലയിരുത്തപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bihar Election BJP leaders join LJP of chirag paswan

We use cookies to give you the best possible experience. Learn more