പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കത്തിലാണ് ബീഹാര്‍. കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ പാര്‍ട്ടികള്‍ക്കും ബീഹാര്‍ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എക്കെതിരെ ശക്തമായ എതിരാളിയായി ഉയര്‍ന്നുവരിക സി.പി.ഐ നേതാവും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവുമായ കനയ്യ കുമാറായിരിക്കുമെന്നാണ് ഉയരുന്ന സൂചനകള്‍.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കനയ്യ കുമാര്‍ ഒരു മാസത്തോളമായി ബീഹാറില്‍ നടത്തിവരുന്ന റാലി ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഇതിനോടകം തന്നെ റാലിക്കിടെ ഒമ്പത് തവണയാണ് കനയ്യക്കെതിരെ ആക്രമണമുണ്ടായത്. എന്നാല്‍ തന്റെ നിശ്ചയദാര്‍ഢ്യത്തില്‍ നിന്നും കനയ്യ ഒരുതരിപോലും പിന്നോട്ടുപോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരു ജില്ലയില്‍നിന്നും അടുത്തതിലേക്ക് റാലി വ്യാപിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.
പശ്ചിമ ചമ്പാരനിലെ ചാന്‍പാട്യയില്‍നിന്ന് ജനുവരി 30നാണ് കനയ്യ റാലി ആരംഭിച്ചത്. ഫെബ്രുവരി 27ന് സംസ്ഥാന ആസ്ഥാനത്തുവെച്ചാണ് റാലിയുടെ സമാപനം തീരുമാനിച്ചിരിക്കുന്നത്.
റാലിയുടെ തുടക്കം മുതല്‍ കനയ്യയ്ക്ക് കനത്ത സമ്മര്‍ദ്ദങ്ങളാണ് നേരിടേണ്ടി വന്നത്. ചമ്പാരനില്‍ റാലി നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി അധികൃതര്‍തന്നെ രംഗത്തെത്തിയതോടെയായിരുന്നു ഇതിന്റെ തുടക്കം. തുടര്‍ന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറില്‍നിന്നും കനയ്യ നേരിട്ട് അനുമതി വാങ്ങുകയായിരുന്നു.
ശിവസേന പ്രവര്‍ത്തകര്‍ ഒമ്പത് സ്ഥലങ്ങളില്‍വെച്ച് കനയ്യയെ തടയാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ബി.ജെ.പി പ്രവര്‍ത്തകരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് കനയ്യയുടെ കൂടെയുള്ളവരടക്കം ആരോപിച്ചു.