ന്യൂദല്‍ഹി: ബീഹാറില്‍ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ശേഷിക്കേ പുറത്ത് വരുന്ന ഫല സൂചനകളെല്ലാം മഹാസഖ്യത്തിന് അനുകൂലമാണ്. ബി.ജെ.പി മുന്നോട്ട് വെക്കുന്ന വര്‍ഗീയതയ്ക്ക് പകരം ഇന്ത്യയില്‍ ചര്‍ച്ച ചെയ്യേണ്ടത് അടിസ്ഥാന പ്രശ്‌നങ്ങളാണെന്നാണ് ഇത് കാണിച്ചു തരുന്നെന്ന് സി.പി.ഐ.എം നേതാവും ഓള്‍ ഇന്ത്യ കിസാന്‍ സഭ ട്രഷററുമായ പി. കൃഷ്ണപ്രസാദ്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആര്‍.ജെ.ഡി നേതാവും മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി മുന്നോട്ട് വെച്ച മുദ്രാവാക്യങ്ങള്‍ ഇത് അടയാളപ്പെടുത്തുന്നതാണ്. ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം മഹാസഖ്യത്തിനെ കൂട്ടി യോജിപ്പിക്കാവുന്നതില്‍ ഒരു നിര്‍ണായക ഘടകം ഇടതുപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.
‘തൊഴില്‍, പഠനം, ആരോഗ്യം, കൃഷി എന്നീ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് തേജസ്വി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ മുദ്രാവാക്യങ്ങള്‍ കര്‍ഷകരെയടക്കം ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ മാറ്റം ഉണ്ടാക്കുന്നതില്‍ പങ്കുവഹിക്കും.
ഹിന്ദു-മുസ്‌ലിം പ്രശ്‌നങ്ങളാണ് ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെന്ന് പറയുന്ന വര്‍ഗീയ പ്രചരണങ്ങളെ തള്ളിക്കൊണ്ട് യഥാര്‍ത്ഥ വര്‍ഗപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ബീഹാര്‍.
ഈ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം വിജയിച്ചില്ലെങ്കില്‍ പോലും വര്‍ഗീയതയ്ക്ക് പകരം ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളാണ് ഇന്ത്യയിലുടനീളം ചര്‍ച്ച ചെയ്യേണ്ടതെന്ന ബോധ്യത്തിലേക്ക് ബീഹാറില്‍ ചര്‍ച്ചകള്‍ എത്തി എന്നുള്ളതാണ് കാര്യം. ഇതില്‍ ഇടതുപക്ഷത്തിന് നിര്‍ണായകമായ പ്രാതിനിധ്യം ഉണ്ട്,’ കൃഷ്ണപ്രസാദ് പറഞ്ഞു.
ഇടതുപക്ഷത്തിനകത്തുള്ള അനൈക്യം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോലും കാണാന്‍ സാധിക്കുമായിരുന്നു. 2015ലെ തെരഞ്ഞെടുപ്പില്‍ അതില്‍ വലിയൊരു പങ്കുവരെ ഇടതുപക്ഷം വിജയിച്ചു. സി.പി.ഐക്കും സി.പി.ഐ.എമ്മിനും അന്ന് സീറ്റുകള്‍ ലഭിച്ചില്ലെങ്കിലും സി.പി.ഐ.എം എല്ലിന്റെ വിജയം അവിടെ നിര്‍ണായകമായിരുന്നു. ആ നേട്ടത്തെ അസൂയയോടെയല്ല, വളരെ ആവേശത്തോടെയാണ് സി.പി.ഐയും സി.പി.ഐ.എമ്മും കണ്ടത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യമെന്ന് പറയുന്നത് കര്‍ഷകര്‍ക്കിടയില്‍ രൂപപ്പെട്ട് വന്ന കൂട്ടായ്മയാണ്. അത് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.