| Saturday, 26th September 2020, 12:34 pm

ബിഹാര്‍ മുന്‍ ഡി.ജി.പി നിതീഷിന്റെ തട്ടകത്തിലേക്ക്; ഗുപ്‌തേശ്വര്‍ പാണ്ഡേയുടെ ജെ.ഡി.യു പ്രവേശനം ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബിഹാര്‍ മുന്‍ ഡി.ജി.പി ഗുപ്‌തേശ്വര്‍ പാണ്ഡേ ജെ.ഡി.യുവിലേക്ക്. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയില്‍ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും. ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ചൊവ്വാഴ്ച്ചയായിരുന്നു ഗുപ്തേശ്വര്‍ പാണ്ഡേ രാജിവെച്ചത്. സുശാന്ത് സിംഗ് രജ്പുതിന്റെ കേസില്‍ വിവാദ പ്രസ്താവനകള്‍ നടത്തിയ ഇദ്ദേഹം നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഇതിന് തൊട്ട് പിന്നാലെ ഗുപ്തേശ്വര്‍ പാണ്ഡേയെ പുകഴ്ത്തിക്കൊണ്ട് ഒരുപാട്ടും പുറത്തിറങ്ങിയിരുന്നു.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് ഗുപ്‌തേശ്വര്‍ രാജിവെച്ചിരിക്കുന്നതെന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ആയിരിക്കും ഇദ്ദേഹം മത്സരിക്കുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നടന്‍ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യാ കേസില്‍ റിയ ചക്രബര്‍ത്തിക്കെതിരെ നടത്തിയ പ്രസ്താവനകളായിരുന്നു സമീപകാലത്ത് ഗുപ്തേശ്വര്‍ പാണ്ഡേക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്. റിയ ചക്രബര്‍ത്തിക്ക് മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിക്കാനുള്ള യോഗ്യതയില്ലെന്നായിരുന്നു ഗുപ്തേശ്വര്‍ പാണ്ഡേ പറഞ്ഞത്. പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നെങ്കിലും അദ്ദേഹം തന്റെ വാദം ആവര്‍ത്തിക്കുകയായിരുന്നു.

സുശാന്ത് സിംഗിന്റെ മരണം ബീഹാര്‍ സര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് റിയ ചക്രബര്‍ത്തി അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു ഗുപ്തേശ്വര്‍ പാണ്ഡേയുടെ വിവാദ പ്രസ്താവന.

സുശാന്ത് സിംഗ് കേസിലെ അന്വേഷണങ്ങള്‍ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നതില്‍ നിതീഷ് കുമാറിനെയും ബി.ജെ.പിയെയും സഹായിച്ചത് ഗുപ്തേശ്വറിന്റെ ഇടപെടലുകളാണെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

തന്റെ രാഷ്ട്രീയചായ്വും താല്‍പര്യവും നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2009 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇദ്ദേഹം നടത്തിയിരുന്നു. ഇതിനായി ആ വര്‍ഷം മാര്‍ച്ചില്‍ സര്‍വീസില്‍ നിന്നും സ്വമേധയാ വിരമിച്ചിരുന്നെങ്കിലും മത്സരിക്കാനാകാത്തതിനെ തുടര്‍ന്ന് രാജി പിന്‍വലിച്ച് സര്‍വീസില്‍ പ്രവേശിക്കുകയായിരുന്നു.

തിരിച്ച് ജോലിയില്‍ പ്രവേശിച്ച ഗുപ്തേശ്വര്‍ പാണ്ഡേ 2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പാണ് ബിഹാര്‍ ഡി.ജി.പിയായി ചുമതലയേല്‍ക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


CONTENT HIGHLIGHTS;  bihar dgp gupteshwar  pandey to join jdu today

We use cookies to give you the best possible experience. Learn more