പാട്‌ന: വിവാദപ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ ബീഹാര്‍ ഡി.ജി.പി ഗുപ്‌തേശ്വര്‍ പാണ്ഡേ രാജിവെച്ചു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് ഗുപ്‌തേശ്വര്‍ രാജിവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായാരിക്കും ഇദ്ദേഹം മത്സരിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നടന്‍ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യാ കേസില്‍ റിയ ചക്രബര്‍ത്തിക്കെതിരെ നടത്തിയ പ്രസ്താവനകളായിരുന്നു സമീപകാലത്ത് ഗുപ്‌തേശ്വര്‍ പാണ്ഡേക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്. റിയ ചക്രബര്‍ത്തിക്ക് മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിക്കാനുള്ള യോഗ്യതയില്ലെന്നായിരുന്നു ഗുപ്‌തേശ്വര്‍ പാണ്ഡേ പറഞ്ഞത്. പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നെങ്കിലും അദ്ദേഹം തന്റെ വാദം ആവര്‍ത്തിക്കുകയായിരുന്നു.
സുശാന്ത് സിംഗിന്റെ മരണം ബീഹാര്‍ സര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് റിയ ചക്രബര്‍ത്തി അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു ഗുപ്‌തേശ്വര്‍ പാണ്ഡേയുടെ വിവാദ പ്രസ്താവന.
തന്റെ രാഷ്ട്രീയചായ്‌വും താല്‍പര്യവും നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2009 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇദ്ദേഹം നടത്തിയിരുന്നു. ഇതിനായി ആ വര്‍ഷം മാര്‍ച്ചില്‍ സര്‍വീസില്‍ നിന്നും സ്വമേധയാ വിരമിച്ചിരുന്നെങ്കിലും മത്സരിക്കാനാകാത്തതിനെ തുടര്‍ന്ന് രാജി പിന്‍വലിച്ച് സര്‍വീസില്‍ പ്രവേശിക്കുകയായിരുന്നു.
തിരിച്ച് ജോലിയില്‍ പ്രവേശിച്ച ഗുപ്‌തേശ്വര്‍ പാണ്ഡേ 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പാണ് ബീഹാര്‍ ഡി.ജി.പിയായി ചുമതലയേല്‍ക്കുന്നത്.
തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന ബീഹാറില്‍ സുശാന്ത് സിംഗിന്റെ മരണം തന്നെയാണ് പ്രധാന രാഷ്ട്രീയ ചര്‍ച്ച. ഡി.ജി.പിയായിരുന്ന ഒരാള്‍ കൂടി രാഷ്ട്രീയ ചര്‍ച്ചകളിലേക്കെത്തുന്നതോടെ ഈ വിവാദം കൂടുതല്‍ ശക്തമാകുമെന്നാണ് കരുതപ്പെടുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക