പാറ്റ്‌ന: മദ്യവിരുദ്ധ സേനയ്ക്ക് രൂപം നല്‍കി യു.പിയില്‍ മദ്യനിരോധനം നടപ്പില്‍ വരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ധൈര്യമുണ്ടോയെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്.
ആന്റി റോമിയോ സ്‌ക്വാഡ് സ്ഥാപിക്കുന്നതിന് മുന്‍പേ ആന്റി ലിക്കര്‍ സ്‌ക്വാഡാണ് സ്ഥാപിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യം അപകടമാണ്. അത് ശരീരത്തേയും സമൂഹത്തേയും ഒരുപോലെ നശിപ്പിക്കും. ആളുകളുടെ ശ്രദ്ധ തിരിച്ചുവിടാനായി മാത്രം മദ്യ വിരുദ്ധ സേനയ്ക്ക് രൂപം നല്‍കിയാല്‍ പോരെന്നും ലാലുപ്രസാദ് യാദവിന്റെ ഇളയ മകനായ തേജസ്വി യാദവ് പറഞ്ഞു.
ആദിത്യനാഥ് ഒരു യോഗിയും വിശ്വസ്തനായ മതപണ്ഡിതനുമാണെങ്കില്‍ ബീഹാറിനെപ്പോലെ യു.പിയില്‍ പൂര്‍ണമദ്യനിരോധനം നടപ്പില്‍ വരുത്തുകയാണ് വേണ്ടത്. – തേജസ്വി പറയുന്നു.
മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് ആന്റി റോമിയോ സ്‌ക്വാഡിന് യു.പിയില്‍ രൂപം നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഒന്നിച്ചിരിക്കുന്ന യുവതീയുവാക്കളെ പിടിച്ച് ചോദ്യം ചെയ്യുകയും സുഹൃത്താണെന്ന് പറഞ്ഞാല്‍ പോലും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന പൊലീസ് നടപടിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.