പാട്ന: ബീഹാർ സർക്കാർ പുറത്തുവിട്ട ജാതി സർവേയിൽ പൊതുവിഭാഗം 15.52 ശതമാനം ആണെന്ന് വ്യക്തമായതോടെ സുപ്രീം കോടതിയിലെ സംവരണവുമായി ബന്ധപ്പെട്ട 1992ലെ ഇന്ദ്ര സാവ്നി വിധി വീണ്ടും ചർച്ചയാവുന്നു.
സുപ്രീം കോടതി ഒമ്പതംഗ ബെഞ്ച് സാമൂഹ്യ, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ സംവരണത്തിനുള്ള മാനദണ്ഡമായി നിശ്ചയിക്കുകയും ‘അസാധാരണ സാഹചര്യങ്ങളിൽ ഒഴികെ’ സംവരണത്തിന്റെ പരിധി 50 ശതമാനമായി നിജപ്പെടുത്തുകയും ചെയ്തു. സാമൂഹ്യ, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം നൽകാൻ തീരുമാനിച്ചതും 1992 ലെ വിധിയെ തുടർന്നായിരുന്നു.
1994ലെ 76-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ 50 ശതമാനം പരിധി ലംഘിച്ചുകൊണ്ട് തമിഴ്നാട് സംവരണ നിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിലേക്ക് ചേർത്തു. എങ്കിലും അടിസ്ഥാന ഘടനയിൽ പ്രശ്നമുള്ളതിനാൽ നിയമത്തിന്റെ സാധുത സുപ്രീം കോടതിയുടെ ഭരണഘടനാ നെഞ്ചിന്റെ പരിഗണനയിലാണ്.
50 ശതമാനം പരിധി ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി മറാത്ത സമുദായത്തിന് സംവരണം അനുവദിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര നിയമം 2021 മേയിൽ സുപ്രീം കോടതി എടുത്തുകളഞ്ഞിരുന്നു. മറാത്ത വിഭാഗത്തിന് സംവരണം നടപ്പാക്കിയിരുന്നെങ്കിൽ പരിധി 68 ശതമാനം വരെ ആകുമായിരുന്നു.
മറാത്ത വിഭാഗത്തിന് സമാനമായിരുന്നു ഗുജറാത്തിലെ പട്ടേൽ, ഹരിയാനയിലെ ജാട്ട്, ആന്ധ്രാ പ്രദേശിലെ കാപുസ് വിഭാഗങ്ങളുടെ കേസുകളിലെയും വിധി.
അതേസമയം, 50 ശതമാനം പരിധി ലംഘിക്കുന്ന ഇ.ഡബ്ല്യു.എസ് (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗം) വിഭാഗത്തിനുള്ള 10 ശതമാനം സംവരണം കഴിഞ്ഞ വർഷം നവംബറിൽ സുപ്രീം കോടതി അംഗീകരിച്ചിരുന്നു. ഇന്ദ്ര സാവ്നി വിധി പിന്നാക്ക വിഭാഗങ്ങൾക്കാണ് ബാധകമെന്നും ഇ.ഡബ്ല്യു.എസ് സംവരണം തികച്ചും വ്യത്യസ്തമാണെന്നുമാണ് സുപ്രീം കോടതി വിലയിരുത്തിയത്.
സംവരണത്തിൽ പരിധി ഒരുകാലത്തും ലംഘിക്കാനാവാത്തതായി കണക്കാക്കിയിട്ടില്ല എന്നും ബെഞ്ചിലെ ഭൂരിപക്ഷവും പ്രസ്താവിച്ചിരുന്നു. അതേസമയം, 50 ശതമാനം പരിധി ലംഘനം അനുവദിക്കുന്നത് കൂടുതൽ ലംഘനങ്ങൾക്കുള്ള കവാടമായി മാറുമെന്നും, തൽഫലമായി വിഭാഗീയത ഉണ്ടാകുമെന്നും വിധിയെ എതിർത്തുകൊണ്ട് രണ്ട് ജഡ്ജിമാർ മുന്നറിയിപ്പ് നൽകിയിരുന്നു.
CONTENT HIGHLIGHT: Bihar data can reopen debate on SC’s 50% quota ceiling in 1992