ബിഹാറില്‍ സി.പി.ഐ.എം.എല്‍ നേതാവിനും കുടുംബത്തിനും നേരെ വെടിവെയ്പ്, മാതാപിതാക്കളും സഹോദരനും കൊല്ലപ്പെട്ടു; ജെ.ഡി.യു എം.എല്‍.എ അടക്കമുള്ളവര്‍ക്കെതിരെ കേസ്
national news
ബിഹാറില്‍ സി.പി.ഐ.എം.എല്‍ നേതാവിനും കുടുംബത്തിനും നേരെ വെടിവെയ്പ്, മാതാപിതാക്കളും സഹോദരനും കൊല്ലപ്പെട്ടു; ജെ.ഡി.യു എം.എല്‍.എ അടക്കമുള്ളവര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th May 2020, 8:37 am

പാട്‌ന: ബിഹാറില്‍ സി.പി.ഐ.എം.എല്‍ നേതാവിനും കുടുംബത്തിനും നേരെ ആക്രമണം. സി.പി.ഐ.എം.എല്‍ നേതാവ് ജെ.പി യാദവിന്റെ മാതാപിതാക്കളേയും സഹോദരനേയും വെടിവെച്ചുകൊന്നു. ഗുരുതരമായി പരിക്കേറ്റ യാദവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ജെ.ഡി.യു. എം.എല്‍.എ അമരേന്ദ്ര പാണ്ഡെ, സഹോദരന്‍ സതീഷ് പാണ്ഡെ, സതീഷിന്റെ മകന്‍ മുകേഷ് പാണ്ഡെ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സതീഷിനേയും മുകേഷിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

എം.എല്‍.എയെ അറസ്റ്റ് ചെയ്യാന്‍ സ്പീക്കറുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

ജെ.പി യാദവിനെ പാട്‌ന മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുകേഷിനെതിരെ മത്സരിക്കാനിരിക്കുകയായിരുന്നു യാദവ്. മുകേഷ് നിലവില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍മാനാണ്.

അതേസമയം കേസില്‍ അക്രമികളെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് യാദവിനും കുടുംബത്തിനും നേരെ വെടിയുതിര്‍ത്തത്.

മാതാപിതാക്കള്‍ സംഭവസ്ഥലത്ത് വെച്ചും സഹോദരന്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഗ്രാമത്തില്‍ വന്‍ പ്രതിഷേധമാണ് നടന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: