പട്‌ന: രാഹുല്‍ ഗാന്ധി രാജി പിന്‍വലിച്ചില്ലെങ്കില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ബിഹാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ചശേഷം ആദ്യമായി ഇന്ന് രാഹുല്‍ ബിഹാര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.
പട്‌നയിലെ വിവിധയിടങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കി പതിപ്പിച്ചിരിക്കുന്ന പോസ്റ്ററുകളില്‍, ജൂലൈ 11-ന് പട്‌നയില്‍ വെച്ച് തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോടതിയില്‍ ഹാജരാകാനാണ് രാഹുല്‍ ഇന്ന് പട്‌നയിലെത്തുന്നത്. മോദിയെന്നാണ് എല്ലാ കള്ളന്മാരുടെയും പേരെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. ബാങ്ക് തട്ടിപ്പുകേസുകളില്‍ രാജ്യംവിട്ട നീരവ് മോദി, ലളിത് മോദി എന്നിവരെ സൂചിപ്പിച്ചായിരുന്നു കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നടന്ന ഒരു റാലിയില്‍ രാഹുല്‍ സംസാരിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെയാണ് രാഹുല്‍ അവസാനമായി ബിഹാര്‍ സന്ദര്‍ശിച്ചത്. പട്‌ന സാഹിബില്‍ നിന്നു മത്സരിച്ച ശത്രുഘന്‍ സിന്‍ഹയ്ക്കുവേണ്ടി പ്രചാരണം നടത്താനായിരുന്നു ഇത്. എന്നാല്‍ സിന്‍ഹ പരാജയപ്പെട്ടിരുന്നു.
ഇത്തവണ പട്‌നയിലെത്തുന്നതു കൂടാതെ മസ്തിഷ്‌കജ്വരം ബാധിച്ച് നൂറ്റമ്പതിലധികം കുട്ടികള്‍ പേര്‍ മരിച്ച മുസാഫര്‍പുര്‍ അദ്ദേഹം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. പട്‌നയില്‍നിന്ന് 60 കിലോമീറ്റര്‍ മാത്രമേ അങ്ങോട്ട് ദൂരമുള്ളൂ.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്താണ് രാഹുല്‍ ഈയാഴ്ച ആദ്യം രാജിവെച്ചത്.