ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ ഗൂഢാലോചനയുണ്ടായെന്ന് ബീഹാര്‍ പി.സി.സി അധ്യക്ഷന്‍
India
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ ഗൂഢാലോചനയുണ്ടായെന്ന് ബീഹാര്‍ പി.സി.സി അധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th May 2019, 4:59 pm

പാറ്റ്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയ്‌ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഗൂഢാലോചന നടന്നതായി ബീഹാര്‍ പി.സി.സി അധ്യക്ഷന്‍ ശ്യാം സുന്ദര്‍ സിങ് ധീരജ്. നാലംഗ കോണ്‍ഗ്രസ് നേതാക്കളും സഖ്യ കക്ഷികളുമാണ് പാര്‍ട്ടിയുടെ തോല്‍വിയ്ക്ക് കാരണമെന്നും ശ്യാം സുന്ദര്‍ സിങ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്കും  മോദിയ്ക്കുമെതിരെ പ്രചാരണം നടത്തേണ്ട സഖ്യ കക്ഷികള്‍ സത്യത്തില്‍ കോണ്‍ഗ്രസിനെതിരെ ഗൂഢാലോചന നടത്തുകയായിരുന്നു. രാഹുല്‍ഗാന്ധിയോട് അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടെന്ന് ഇപ്പോള്‍ പറയുന്ന സഖ്യ കക്ഷികളും അദ്ദേഹത്തെ ചതിച്ച കൂട്ടത്തിലുണ്ടായിരുന്നുവെന്നും ശ്യാം സുന്ദര്‍ സിങ് പറഞ്ഞു.

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പരിശോധിക്കുന്നതിനിടെയാണ് ആര്‍.ജെ.ഡിയടക്കമുള്ള സഖ്യ കക്ഷികള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയെന്ന് ആര്‍.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു.

ബീഹാറിലെ നാല്‍പത് സീറ്റുകളില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിച്ചപ്പോള്‍ ആര്‍.ജെ.ഡിയ്ക്ക് ഒറ്റ സീറ്റ് പോലും ലഭിച്ചിരുന്നില്ല. ബി.ജെ.പിയ്ക്ക് 17, ജെ.ഡി.യുവിന് 16, ലോക്ജനശക്തി പാര്‍ട്ടിയ്ക്ക് ആറ് സീറ്റുകളുമാണ് ലഭിച്ചിരുന്നത്.