പട്‌ന: സി.പി.ഐ നേതാവ് കനയ്യ കുമാര്‍ പട്‌നയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി സ്വന്തം മുറിയില്‍ സ്ഥാപിച്ചിരുന്ന എ.സി അഴിച്ചുകൊണ്ടുപോയതായി റിപ്പോര്‍ട്ട്.
കനയ്യ കോണ്‍ഗ്രസിലേക്ക് മാറുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഈ സംഭവം നടന്നത്.
കനയ്യ കുമാര്‍ എ.സി അഴിച്ചുകൊണ്ടുപോയതായി സി.പി.ഐ ബീഹാര്‍ സംസ്ഥാന സെക്രട്ടറി റാം നരേഷ് പാണ്ഡെ സ്ഥിരീകരിച്ചു. കനയ്യ തന്നെ വാങ്ങി സ്ഥാപിച്ചതാണ് എ.സി എന്നും അത് കൊണ്ടുപോകുന്നതില്‍ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കനയ്യ ചൊവ്വാഴ്ച വൈകുന്നേരം കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ദല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
നേരത്തെ തന്നെ കനയ്യ പാര്‍ട്ടി വിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ശനിയാഴ്ച ജിഗ്നേഷ് മേവാനി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് അഭ്യൂഹം ശക്തിപ്പെട്ടത്.
താനും കനയ്യയും സെപ്റ്റംബര്‍ 28 ന് കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.