പാറ്റ്‌ന: ബീഹാറിലെ വിവിധയിടങ്ങളിലായി അരങ്ങേറുന്ന വര്‍ഗീയ കലാപത്തില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തിയും നിതീഷ് കുമാറിനെ പഴിച്ചും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്.
“” നിതീഷ് കുമാറിന്റെ കഥ കഴിഞ്ഞിരിക്കുന്നു. ബീഹാറിന്റെ വിവിധയിടങ്ങളിലായി വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളേയും ബി.ജെ.പി കത്തിച്ചുകൊണ്ടിരിക്കുകയാണ്. “”ലാലു പ്രസാദ് യാദവ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ദല്‍ഹിയിലെ ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പരിശോധനക്കായി എത്തിയപ്പോഴായിരുന്നു ലാലുവിന്റെ പ്രതികരണം.
രാമനവമി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്കിടയിലാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് അത് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. ബീഹാറിലെ പതിനേഴ് ജില്ലകളില്‍ വര്‍ഗീയ സംഘര്‍ഷം പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. പലയിടത്തും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സമസ്തിപൂരില്‍ ഒരു സംഘം മുസ്‌ലീം പള്ളിക്ക് മേല്‍ കാവിക്കൊടി ഉയര്‍ത്തിയതും പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. പള്ളിയുടെ ഒരു ഭാഗം അക്രമികള്‍ അഗ്‌നിക്കിരയാക്കിയിട്ടുമുണ്ട്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് ഒരുക്കിയിരിക്കുന്നത്. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുംഗറിലാണ് ഏറ്റവും ഒടുവിലായി സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിഗ്രഹ നിമജ്ഞന യാത്രയ്ക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതും പാട്ട് പാടിയതുമാണ് അക്രമങ്ങള്‍ക്ക് കാരണമായത്.
Watch DoolNews Video