നിതി ആയോ​ഗ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
national news
നിതി ആയോ​ഗ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th July 2024, 5:11 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന നിതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന് എന്‍.ഡി.എ സഖ്യകക്ഷി ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ന്യൂദല്‍ഹിയില്‍ രാഷ്ട്രപതിഭവനിലെ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന യോഗത്തില്‍ പ്രധാനമന്ത്രിയാണ് അധ്യക്ഷത വഹിച്ചത്.

നിതീഷ് കുമാറിന് പകരം ജെ.ഡി.യുവിന് വേണ്ടി യോഗത്തെ പ്രതിനിധീകരിച്ച് എത്തിയത് ബിഹാര്‍ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയുമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിഹാറില്‍ നിന്നുള്ള നാല് കേന്ദ്ര മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും എന്നാല്‍ നിതീഷ് കുമാര്‍ ഇല്ലാത്തതില്‍ ഒന്നും പറയാനില്ലെന്നും ജെ.ഡി.യു വക്താവ് നീരജ് കുമാര്‍ പറഞ്ഞിരുന്നു.

അതിനിടെ, നിതി ആയോ​ഗ് യോ​ഗത്തിൽ നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയിരുന്നു. അഞ്ച് മിനിറ്റ് മാത്രമേ സംസാരിക്കാന്‍ അനുവദിച്ചുള്ളൂവെന്നും തന്റെ മൈക്ക് ഓഫ് ചെയ്‌തെന്നും മമത പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് വിവേചനം കാണിക്കരുതെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എന്റെ മൈക്ക് മ്യൂട്ട് ചെയ്തു. എന്നെ അഞ്ച് മിനിറ്റ് മാത്രമേ സംസാരിക്കാന്‍ അനുവദിച്ചുള്ളൂ. എനിക്ക് മുമ്പുള്ള ആളുകള്‍ 10-20 മിനിറ്റ് വരെ സംസാരിച്ചു,’ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ മമത ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിപക്ഷം ഭരിക്കുന്ന കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ യോഗം ബഹിഷ്‌കരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരാണ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. 2024 ലെ കേന്ദ്ര ബജറ്റില്‍ തങ്ങളുടെ സംസ്ഥാനങ്ങളോട് പക്ഷപാതം കാണിച്ചുവെന്നാരോപിച്ചാണ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചത്.

Content Highlight: Bihar CM Nitish Kumar skips NITI Aayog meeting chaired by PM Modi