പാറ്റ്‌ന: സംസ്ഥാനത്തിന് പ്രത്യേക പദവി വേണമെന്നാവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തിന് പ്രത്യേക പദവി ലഭിക്കുന്നതോടെ കേന്ദ്രത്തിന്റെ പല ആനുകൂല്യങ്ങളും ബീഹാറിന് ലഭിക്കുമെന്നും ബീഹാറിന്റെ സമഗ്ര വികസനത്തിന് അവ അനിവാര്യമാണെന്നും നിതീഷ് പറയുന്നു.
കേന്ദ്രം തയ്യാറാക്കിയ നീതി ആയോഗ് സര്‍വേയില്‍ ബി.ജെ.പി-ജെ.ഡി.യു സഖ്യം ഭരിക്കുന്ന ബീഹാര്‍ ഏറെ പുറകിലാണ്. നീതി ആയോഗ് സര്‍വേയില്‍ തങ്ങളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടിയാണ് നിതീഷ് കുമാര്‍ സംസ്ഥാനത്തിന് പ്രത്യേക പദവി വേണമെന്നാവശ്യപ്പെടുന്നത്.
‘ബീഹാര്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ മാത്രം കൊണ്ട് സംസ്ഥാനത്ത് ഒന്നും ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ ബീഹാറിന് പ്രത്യേക പദവി ഞങ്ങള്‍ ആവശ്യപ്പെടുകയാണ്,’ നിതീഷ് പറയുന്നു.
‘സംസ്ഥാനത്തിന് പ്രത്യേക പദവിയെന്ന തങ്ങളുടെ ആവശ്യത്തെ എതിര്‍ക്കുന്നവര്‍ പറയുന്നതിനൊന്നും ഞാന്‍ കാതുകൊടുക്കുന്നില്ല. അവരെ പരിഗണിക്കുന്നു പോലും ഇല്ല.
സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം, മാനവവിഭവശേഷി, ജീവിത നിലവാരം (Per Capita Income, Human Resource, Standard of Living) എന്നിവ ദേശീയ ശരാശരിയെക്കാള്‍ എത്രയോ താഴെയാണ് എന്ന വസ്തുത എല്ലാവര്‍ക്കും അറിയാവുന്നതാണ്. ബീഹാറില്‍ ജനസാന്ദ്രതയും അധികമാണ്. ഇതുകൊണ്ടാണ് പ്രത്യേക പദവിക്കായി ഞാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്,’ നിതീഷ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഡിസംബറില്‍ നീതി ആയോഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ നിതീഷ് സംസ്ഥാനത്തിന് പ്രത്യേക പദവി എന്ന ആവശ്യം ഉന്നയിച്ചിരുന്നു.
ബീഹാറിന് പ്രത്യേക പദവി ലഭിക്കാന്‍ നീതി ആയോഗിന്റെ പിന്തുണ തേടുമെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിന് പ്രത്യേക പദവി ലഭിച്ചാല്‍ സംസ്ഥാനത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും അവസാനമാവുമെന്നും അദ്ദേഹം പറഞ്ഞു.
നീതി ആയോഗ് എന്നാല്‍ നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഫോര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്ത്യ (National Institute for Transforming India) എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യയെ ‘ട്രാന്‍സ്‌ഫോം’ ചെയ്യണമെങ്കില്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്നും അതിനായി തങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlight: Bihar CM Nitish Kumar says Bihar wants special state status