| Wednesday, 21st October 2020, 6:48 pm

'നിങ്ങള്‍ എനിക്ക് വോട്ടുചെയ്യുന്നില്ലെങ്കില്‍ ചെയ്യേണ്ട'; തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ ജനങ്ങളോട് പൊട്ടിത്തെറിച്ച് നിതീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അണികളോട് ക്ഷോഭിച്ച് മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍. സരന്‍ ജില്ലയിലെ പ്രചരണത്തിനിടെയായിരുന്നു നിതീഷിന് നിയന്ത്രണം നഷ്ടപ്പെട്ടത്.

നിതീഷിന്റെ പ്രസംഗത്തിനിടെ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെ ജയ് വിളിച്ച് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തി. ലാലു സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.

ഇതോടെ ജെ.ഡി.യു പ്രവര്‍ത്തകര്‍ ലാലുവിനെതിരെ മുദ്രവാക്യം മുഴക്കാന്‍ തുടങ്ങി. ഈ സമയത്തും നിതീഷ് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

എന്നാല്‍ പ്രസംഗത്തെ തടസപ്പെടുത്തുന്ന തരത്തില്‍ ശബ്ദം കനത്തതോടെ നിതീഷ് രോഷാകുലനായി.

‘ഇവിടെ നിന്ന് ഇത്തരത്തില്‍ ശബ്ദമുണ്ടാക്കരുത്. നിങ്ങള്‍ എനിക്ക് വോട്ടുചെയ്യുന്നില്ലെങ്കില്‍ ചെയ്യേണ്ട’, എന്നായിരുന്നു നിതീഷിന്റെ പരാമര്‍ശം.

നിതീഷിനൊപ്പം മുന്‍ ആര്‍.ജെ.ഡി നേതാവ് ചന്ദ്രിക റായിയും വേദിയിലുണ്ടായിരുന്നു.  ഒക്ടോബര്‍ 28 നാണ് ബിഹാറില്‍ വോട്ടെടുപ്പ്.

ബീഹാറില്‍ നാല്‍പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ആര്‍.ജെ.ഡിയുടെ മുതിര്‍ന്ന നേതാവ് ലാലുപ്രസാദ് യാദവില്ലാതെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിലും ലാലു പ്രസാദ് യാദവിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

ലാലുവിന്റെ അഭാവത്തില്‍ മകന്‍ തേജസ്വി യാദവാണ് ബീഹാറില്‍ ആര്‍.ജെ.ഡിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നത്.

തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ എന്‍.ഡി.എയുടെ ഭാഗമായിരുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി സഖ്യം ഉപേക്ഷിച്ച് സ്വതന്ത്രമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nitish Kumar Loses Control Election Rally Bihar Election

We use cookies to give you the best possible experience. Learn more