| Tuesday, 27th December 2022, 9:20 am

'ഇന്ത്യ പുരോഗതി കൈവരിച്ച കാലം'; വാജ്‌പേയിയുടെ ഭരണത്തെ പുകഴ്ത്തി, മോദിക്കെതിരെ ഒളിയമ്പെയ്ത് നിതീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: മുന്‍ പ്രധാനമന്ത്രി അടര്‍ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്ത് ഇന്ത്യയില്‍ വലിയ പുരോഗതിയുണ്ടായെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമുള്ള മറുപടിയെന്നോണമായിരുന്നു ബിഹാറിലെ മഹാഗത്ബന്ധന്‍ (Mahagathbandhan) സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായ നിതീഷിന്റെ പ്രതികരണം.

വാജ്‌പേയിക്ക് കീഴില്‍ രാജ്യം വലിയ പുരോഗതി കൈവരിച്ചെന്നാണ് നിതീഷ് കുമാര്‍ പ്രശംസിച്ചത്. അദ്ദേഹം തന്നെ വിലമതിച്ചിരുന്നുവെന്നും തന്നോട് വാത്സല്യത്തോടെ പെരുമാറിയിരുന്നെന്നും നിതീഷ് പറഞ്ഞു.

വാജ്‌പേയിയുടെ ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ബിഹാറിലെ മുന്‍ എന്‍.ഡി.എ സഖ്യകക്ഷി കൂടിയായ ജെ.ഡി.യുവിന്റെ നേതാവ് മോദിക്കെതിരെ ഒളിയമ്പെയ്തത്. വാജ്‌പേയിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമുള്ള പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

”അടല്‍ ജിയുടെ കീഴില്‍ രാജ്യം വലിയ പുരോഗതി കൈവരിച്ചു. മൂന്ന് വകുപ്പുകളുടെ മന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം എനിക്ക് അവസരം നല്‍കി.

ഞാന്‍ എന്തെങ്കിലും നിര്‍ദേശവുമായി അദ്ദേഹത്തിന്റെ അടുത്ത് പോകുമ്പോഴെല്ലാം അദ്ദേഹം അത് അംഗീകരിക്കുമായിരുന്നു. എന്നെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്തു, വളരെ വാത്സല്യമുള്ളയാളായിരുന്നു,” നിതീഷ് കുമാര്‍ പ്രസംഗത്തില്‍ പറഞ്ഞു.

മുമ്പും മോദിയെ ഉന്നം വെച്ചുകൊണ്ട് വാജ്‌പേയിയുമായി താരതമ്യപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ബിഹാര്‍ മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്.

അതേസമയം, 2019 മുതല്‍ ബിഹാറില്‍ വാജ്‌പേയിയുടെ ജന്മദിനം സംസ്ഥാന തലത്തിലുള്ള ആഘോഷച്ചടങ്ങായി സംഘടിപ്പിക്കുന്നുണ്ട്. എന്‍.ഡി.എ സഖ്യം വിട്ട് ആര്‍.ജെ.ഡിക്കൊപ്പം മഹാഗത്ബന്ധനുമായി സഹകരിക്കാന്‍ തുടങ്ങിയതുകൊണ്ട് തന്നെ നിതീഷ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഈ ആഘോഷത്തിന് രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്.

Content Highlight: Bihar CM Nitish Kumar heaped praise on former PM Atal Bihari Vajpayee as a message for Narendra Modi

We use cookies to give you the best possible experience. Learn more