| Thursday, 27th June 2019, 1:46 pm

പേറ്റുനോവ് മാറും മുമ്പെ, പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ബലിയിടുകയാണ് ബീഹാറിലെ അമ്മമാര്‍

പകലവന്‍

കാലം നടുങ്ങിതരിച്ച് നില്‍ക്കുകയാണ്, പിടഞ്ഞു വീണ് മരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍. പത്തില്‍ താഴെയുള്ള ഇരുന്നൂറോളം കുട്ടികള്‍ മണ്ണായി കഴിഞ്ഞിരിക്കുന്നു, ബിഹാറിലെ മുസഫര്‍പുരില്‍. ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ ലിച്ചി പഴമാണ് മരണകാരണം എന്നും അതല്ല എന്നും രണ്ട് വാദങ്ങള്‍ ഉണ്ട്. എന്നാല്‍ ചലനമറ്റ കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിച്ച് അലറുന്ന അമ്മമാര്‍ക്ക് പറയാനുള്ളത്, ‘പട്ടിണിയാണ് എന്റെ കുഞ്ഞിന്റെ ജീവനെടുത്തത്’ എന്നാണ്.

നെഞ്ച് പിളര്‍ക്കും വിധം മരണ സംഖ്യ ഉയരുമ്പോഴും രോഗ കാരണം തിരിച്ചറിയാന്‍ സാധിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് സര്‍ക്കാര്‍. അവര്‍ ഇപ്പോള്‍ ആകെ ചെയ്യുന്നത് ജീവനറ്റ് വീഴുന്ന കുഞ്ഞുങ്ങളുടെ എണ്ണമെടുക്കല്‍ ആണ്. പേ പിടിച്ചവനെ പോലെ അലഞ്ഞു ഓടുകയാണ് ദരിദ്ര ഗ്രാമങ്ങളില്‍ മരണം.

കനത്ത നിശബ്ദതയിലേക്കാണ് ‘ചംകി ബുഖാര്‍’എന്ന മസ്തിഷ്‌ക ജ്വരം ഗ്രാമങ്ങളെ തള്ളിയിട്ടിരിക്കുന്നത്. മിക്കവാറും പേര്‍ നഗരങ്ങളിലെ ആശുപത്രി വരാന്തകളില്‍ ആണ്. ശേഷിക്കുന്നവര്‍ കടുത്ത പനിയില്‍ പൊള്ളി കിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കുടിലുകളില്‍ കൂട്ടിരിക്കുകയാണ്.

48 ഡിഗ്രി ചൂടുണ്ട് ഇപ്പോള്‍ ബിഹാറില്‍. വൈദ്യതി ലക്ഷ്വറിയായ ഒന്നാണ് ഇപ്പോഴും പല ഗ്രാമങ്ങളിലും. ഫാന്‍ കണ്ടിട്ട് ഇല്ലാത്തവരും ഉണ്ട്. അത്തരം കുടിലുകളില്‍ അകവും പുറവും കരിഞ്ഞ് ഇല്ലാതാവുകയാണ് പിഞ്ചുകുഞ്ഞുങ്ങള്‍. ഭരണകൂടം തിരിഞ്ഞുനോക്കാത്ത ഇവര്‍ക്കിപ്പോള്‍ കൂട്ടിനുള്ളത് കൊടും പട്ടിണിയാണ്. ചലനമറ്റ കുഞ്ഞുങ്ങള്‍ക്ക് അന്ത്യചുംബനം നല്‍കാന്‍ പോലും സാധിക്കാതെ തളര്‍ന്ന് പോയിരിക്കുന്നു ജനതയാകെ.

മാപ്പര്‍ഹിക്കാത്ത ഭരണകൂട നിര്‍മ്മിത കൂട്ട കുരുതിയാണ് അക്ഷരാര്‍ഥത്തില്‍ നടക്കുന്നത്. മരിച്ച് വീഴുന്നവരില്‍ ഭൂരിഭാഗവും ദളിത് ജന വിഭാഗങ്ങള്‍ ആണ്. ബാക്കി മനുഷ്യര്‍ സര്‍ക്കാര്‍ രേഖകളില്‍ പുറം പോക്കും. എങ്കിലും പിടഞ്ഞ് വീഴുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരു സാമ്യമുണ്ട്. എന്തെന്നാല്‍ അവരുടെ ഒക്കെ ആമാശയങ്ങളില്‍ അവശേഷിക്കുന്നത് ലിച്ചി പഴങ്ങള്‍ മാത്രമാണ്.

കാല്‍ നൂറ്റാണ്ടുകളായി തുടരുന്നുണ്ട് വേനല്‍ കാലത്ത് ഈ മരണപെയ്ത്ത്. ഓരോ വേനലിലും ഗ്രാമങ്ങളില്‍ പൂക്കുന്നത് മരണമാണ്. അടയാളങ്ങളോ രേഖകളോ ഇല്ലാത്ത കുഴിമാടങ്ങള്‍ ആയിരങ്ങളാണ്. 2014ലെ സര്‍ക്കാര്‍ കണക്ക് പ്രകാരം 355 കുട്ടികള്‍ക്കാണ് ഗ്രാമം ബിലിയിട്ടത്. വെന്തു നീറുന്ന ചൂടില്‍ അലറി കരയാന്‍ പോലും സാധിക്കാതെ ജീവനറ്റ പിഞ്ചിന്റെ ശരീരവും പേറി അലയുകയാണ് അമ്മമാര്‍.

ലിച്ചി പഴം മരണത്തിന്റെ മരുന്നോ?

40 ശതമാനം ലിച്ചി പഴങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ബിഹാറില്‍ നിന്നാണ്. ലിച്ചി പ്രധാന കൃഷിയും വരുമാന മാര്‍ഗ്ഗവുമാണ് മുസഫര്‍പുരില്‍. തോട്ടങ്ങളില്‍ പണിക്കുപോകുന്ന മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളും കാണും. കൊടും ചൂടില്‍ ലിച്ചിയുടെ തണലില്‍ കളിക്കുന്നതിനും ഉറങ്ങുതിനും ഒപ്പം ലിച്ചി ആവോളം തിന്നുകയും ചെയ്യും. അത്രമേല്‍ ഇഷ്ടമായതിനാല്‍ അല്ല. മറ്റൊന്നും കഴിക്കാന്‍ ഇല്ലാത്തതിനാല്‍ ആണ്. പച്ചയും,പഴുത്തതും,താഴെ വീണ് കിടക്കുന്നതും എല്ലാം ആഹാരമാണ്.

പണി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും ഇരുട്ടായിക്കാണും. പ്രത്യേകിച്ച് ഒന്നും അത്താഴത്തിന് ഇല്ലാത്തതിനാല്‍ ചൂടില്‍ തളര്‍ന്ന് അവര്‍ ഉറങ്ങി പോകും.സ്വാഭാവികമായും രക്തത്തില്‍ ഗ്ലുക്കോസിന്റെ അളവ് നന്നേ കുറയും.കടുത്ത പനിയും തളര്‍ച്ചയുമാകും പിന്നീട്. ഗ്രാമങ്ങള്‍ക്ക് അടുത്തെങ്ങും ആശുപത്രികള്‍ ഇല്ലത്തതിനാലും, വാഹന സൗകര്യത്തിന്റ അഭാവം മൂലവും മരണം ആശുപത്രിക്ക് മുന്‍പേ സംഭവിക്കുന്നു. ഇത്തരത്തില്‍, അനിയന്ത്രിതമായി രക്തത്തില്‍ ഗ്ലുക്കോസിന്റെ അളവ് താഴുന്ന ഹൈപ്പോഗ്ലൈസീമിയയാണ് മരണ കാരണമെന്നാണ് ചില പഠനങ്ങള്‍ പറയുന്നുന്നത്.

കടുത്ത പനിക്ക് ഒപ്പം ഇടതടവില്ലാതെ ഛര്‍ദിയും വരും. തളര്‍ന്ന് വീണ് കാഴ്ചയും കേള്‍വിയും പതിയെ ഇല്ലാതാകും ഇതാണ് രോഗലക്ഷണം. ഇടതടവില്ലാതെ കുഞ്ഞുങ്ങള്‍ മരിച്ച് വീഴുമ്പോഴും ഭരണകൂടം രോഗ കാരണം തിരഞ്ഞ് കഴിഞ്ഞിട്ടില്ല. വിദഗ്ദ്ധ സംഘങ്ങള്‍ പലതും മരിച്ചു വീഴുന്നവരുടെ ചിലവില്‍ വന്നുപോയി. പരസ്പ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ബാക്കി.

ലിച്ചി പഴമല്ല വില്ലന്‍ എന്ന് പറയുന്നവര്‍ അവകാശപ്പെടുന്നത്, കൊടും ചൂടും പോഷകാഹാര കുറവും മൂലമുണ്ടാകുന്ന വൈറസ് ബാധയാണ് മരണകാരണമെന്നാണ്. പക്ഷെ അതും അവ്യക്തമാണ്. എങ്കിലും പൊതുവില്‍ ഉള്ള നിരീക്ഷണം വേനലിന്റെ കാഠിന്യം തന്നെയാണ് പ്രധാന പ്രശ്‌നം എന്നാണ്. വേനല്‍ മഴ ഉള്ളപ്പോഴും ചൂട് പൊതുവെ കുറവുള്ള മുന്‍ കാലങ്ങളിലും മരണസംഖ്യ നന്നേ കുറവാണ്.

രാഷ്ട്രീയമാണ് സര്‍വ്വത്ര

ഓരോ വേനലും മരണകാലമാണ് ബീഹാറിന്റെ ഗ്രാമങ്ങള്‍ക്ക്. ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് മസ്തിഷ്‌കജ്വരം മൂലം ഒരു പതിറ്റാണ്ടിനിടെ കൊല്ലപ്പെട്ടത്. നിസ്സംഗമായി മാത്രമാണ് ഇതിനെ ഭരണകൂടം ഇന്നേ വരെ നോക്കികണ്ടിട്ടുള്ളത്. ഓരോ വേനലിലും ഉണ്ടാകുന്ന മരണങ്ങളെ കുറിച്ച് പലരായി വന്ന് പല രീതിയില്‍ പഠനങ്ങള്‍ നടത്തി. ഇത് ഇപ്പോഴും തുറന്നുകൊണ്ടേ ഇരിക്കുന്നു. ഫലപ്രദമായ ഒരു മാറ്റവും ഇന്നേ വരെ ഉണ്ടായിട്ടില്ല.

1995 മുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 117 കുട്ടികള്‍ ഇതുവരെ മരിച്ചു എന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്ത കണക്കാണ് അത്. പ്രതിപക്ഷത്തിനോ ഭരണപക്ഷത്തിനോ രാഷ്ട്രീയ വടം വലിക്കിടയില്‍ ഈ നിലവിളി കേള്‍ക്കാന്‍ സമയമില്ല എന്നതാണ് യാഥാര്‍ഥ്യം.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ദ്ധന്‍ ബിഹാറില്‍ ഇത് സംബന്ധിച്ച് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബീഹാര്‍ ആരോഗ്യമന്ത്രി മങ്കല്‍ പാണ്ഡേയും ഉണ്ടായിരുന്നു. രോഗത്തെ കുറിച്ച് സംസാരിക്കുന്നതിനിടക്ക് മങ്കല്‍ പാണ്ഡെ ക്രിക്കറ്റില്‍ മാച്ചില്‍ ‘എത്ര വിക്കറ്റ് വീണു’എന്ന് ചോദിച്ചത് ഏറെ വിവാദമായിരുന്നു. അത്രത്തോളം ഉണ്ട് നിസ്സഹായരായ മനുഷ്യന്റെ കാര്യത്തില്‍ സര്‍ക്കാരിനുള്ള താല്‍പ്പര്യം.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ പഠിക്കുന്ന തിരക്കിലാണ് പ്രധാന പാര്‍ട്ടിയായ ആര്‍.ജെ.ഡി. കോണ്‍ഗ്രസാകട്ടെ ട്വിറ്ററിനപ്പുറത്തേക്ക് മണ്ണിലിറങ്ങിയിട്ടുമില്ല.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍ മരണം പെയ്ത ശ്രീ കൃഷ്ണ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചിട്ടും, പിന്നെയും ദിവസങ്ങള്‍ ഏറെ വേണ്ടിവന്നു മുഖ്യമന്ത്രി നിതീഷ് കുമാറിന് മെഡിക്കല്‍ കോളേജില്‍ എത്താന്‍. അപ്പോഴേക്കും മരണ സംഖ്യ നൂറ് കഴിഞ്ഞിരുന്നു. മരണഭൂമിയിലേക്ക് വൈകി എത്തിയ നിതീഷ് കുമാറിനെ ജനം സ്വീകരിച്ചത് കരിങ്കൊടിയുമായായിരുന്നു.

ബലിയിടുന്ന ഗ്രാമങ്ങള്‍

കടുത്ത പനിയില്‍ ബോധം നഷ്ട്‌പ്പെട്ട കുഞ്ഞിനേയും വാരിയെടുത്ത് സര്‍ക്കാര്‍ ഹോസ്പിറ്റലിലേക്ക് ഓടിക്കയറുമ്പോള്‍ കിട്ടുന്ന മറുപടി,’ഡോക്ടര്‍ ഇല്ല രാവിലെ വരൂ’എന്നാണ്. പൊള്ളി വിറയ്ക്കുന്ന കുഞ്ഞുമായി ആശുപത്രി വരാന്തയില്‍ തന്നെ നേരം വെളുപ്പിക്കും. വൈകിയെത്തുന്ന ഡോക്ടര്‍ക്ക് മുന്‍പെ മരണം കൊണ്ടുപോയ ഒട്ടേറെ പേരുണ്ട്. 108 കുട്ടികള്‍ മരിച്ച ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് പരിസരത്തുനിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ വാര്‍ത്തയും ബിഹാറിന് പുതിയതല്ല. പല ആശുപത്രികളുടെയും പേരെഴുതിയ ബോര്‍ഡുപോലും തുരുമ്പെടുത്തിട്ട് വര്‍ഷങ്ങളായി.

മുച്ചൂടും തകര്‍ന്ന തുറസ്സായ വാര്‍ഡുകളില്‍ കിടക്കാന്‍ കട്ടിലോ, പ്രാഥമിക സൗകര്യത്തിന് ശുചിമുറിയോ ഇല്ല. തകര്‍ന്ന് വീഴാറായ മതിലിനോട് ചാരിയാണ് തുരുമ്പെടുത്ത് നശിച്ച ഇരുമ്പ് കട്ടിലുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. എന്നുവച്ചാല്‍ ലാഭമില്ലാത്ത ഒന്നിലും സര്‍ക്കാറിന് താല്പര്യമില്ല എന്നുതന്നെ കരുതേണ്ടി വരും. ഗ്രാമങ്ങളിലെ ആശുപത്രി എന്നാല്‍, ബിഹാറുകാര്‍ക്ക് മരിക്കാനുള്ള ഇടം മാത്രമാണ്.

കൊടും ചൂടില്‍ ഉണങ്ങി തരിച്ച പാടങ്ങളില്‍ ഇപ്പോള്‍ വിളയുന്നത് മരണമാണ്. ഗ്രാമമാകെ മരണത്തിന്റെ മണമാണ്. ഉയിരുകൊടുത്ത് വളര്‍ത്തിയ മക്കള്‍ പാതി വഴിയില്‍ തളര്‍ന്ന് വീഴുന്നത് കാണേണ്ടി വന്ന അമ്മമാരുടെ കണ്ണുകളില്‍ ഇരുട്ട് മാത്രമാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട് പാകമാകാത്ത ലിച്ചി കുട്ടികള്‍ക്ക് കൊടുക്കരുത് എന്ന്. അവര്‍ക്ക് ഇപ്പോഴും അറിയില്ല വിശപ്പകറ്റാന്‍ ലിച്ചി അല്ലാതെ മറ്റൊന്നും ഇല്ലാത്ത ദരിദ്രഗ്രാമങ്ങളിലെ യാഥാര്‍ഥ്യങ്ങളെ.

പകലവന്‍

Latest Stories

We use cookies to give you the best possible experience. Learn more