| Wednesday, 25th May 2022, 12:36 pm

'കല്യാണം കഴിച്ചാല്‍ മാത്രമേ കുട്ടികളുണ്ടാകൂ, ആണും ആണും കല്യാണം കഴിച്ചാല്‍ എങ്ങനെ കുട്ടികളുണ്ടാകും'; വിവാദമായി നിതീഷ് കുമാറിന്റെ പ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: സ്ത്രീധനത്തിനെ എതിര്‍ത്തുകൊണ്ട് സംസാരിക്കുന്നതിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞ വാക്കുകള്‍ വിവാദമാകുന്നു.

തിങ്കളാഴ്ച പട്‌നയില്‍ പുതിയ വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ്, സ്വവര്‍ഗ വിവാഹങ്ങളെയും എതിര്‍ത്തുകൊണ്ട് ഹോമോഫോബിക്കായി നിതീഷ് കുമാര്‍ സംസാരിച്ചത്.

സ്ത്രീധനത്തിനെതിരായി സംസാരിക്കവെയായിരുന്നു സ്വവര്‍ഗാനുരാഗികളെ അപമാനിക്കുന്ന തരത്തിലുള്ള ബിഹാര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന.

”ബാല വിവാഹത്തിനും സ്ത്രീധനത്തിനും എതിരെ ഞങ്ങള്‍ ക്യാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്.

വിവാഹത്തിന് സ്ത്രീധനം വാങ്ങുന്ന അത്രയും മോശമായ കാര്യം വേറെ ഇല്ല. കല്യാണം കഴിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് കുട്ടികളുണ്ടാകൂ, ഇവിടെ കൂടിയിരിക്കുന്ന നമ്മളെല്ലാവരും അമ്മമാര്‍ക്ക് ജനിച്ചവരാണ്.

ആണും ആണും തമ്മില്‍ കല്യാണം കഴിക്കുകയാണെങ്കില്‍ പിന്നെ കുട്ടികളുണ്ടാകുമോ, ആരെങ്കിലും ജനിക്കുമോ,” എന്നായിരുന്നു പ്രസംഗത്തില്‍ നിതീഷ് കുമാര്‍ പറഞ്ഞത്.

സ്ത്രീധനം വാങ്ങിയിട്ടില്ല എന്ന് വരന്റെ ആളുകള്‍ പ്രഖ്യപിച്ചാല്‍ മാത്രമേ താന്‍ വിവാഹത്തില്‍ പങ്കെടുക്കുകയുള്ളൂവെന്നും സ്ത്രീകളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സംസ്ഥാനത്ത് മദ്യം നിരോധിച്ചതെന്നും നിതീഷ് കുമാര്‍ പ്രസംഗത്തിനിടെ പറഞ്ഞു.

നിതീഷ് കുമാറിന്റെ പ്രസ്താവന എ.എന്‍.ഐ അവരുടെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Bihar Chief Minister Nitish Kumar’s homophobic comment while speaking against dowry became controversial

We use cookies to give you the best possible experience. Learn more