| Friday, 19th April 2024, 9:50 am

മോദിയുടെ റാലികളില്‍ നിന്ന് പുറത്തായി നിതീഷ് കുമാര്‍; ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി വീട്ടില്‍ തടവിലായെന്ന് തേജസ്വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മാറ്റിനിര്‍ത്തി എന്‍.ഡി.എ. മുന്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചി മത്സരിക്കുന്ന ഗയയിലും ജെ.ഡി.യു സ്ഥാനാര്‍ഥിയായ സന്തോഷ് കുശ്വാഹ മത്സരിക്കുന്ന പുര്‍ണിയയിലും നടന്ന പ്രചരണത്തില്‍ നിന്നാണ് നിതീഷ് കുമാറിനെ പുറത്താക്കിയത്.

ഇരു മണ്ഡലങ്ങളിലും ഏപ്രില്‍ 16ന് ആണ് മോദിയുടെ നേതൃത്വത്തിലുള്ള പ്രചരണ റാലികള്‍ സംഘടിപ്പിച്ചത്. എന്നാല്‍ ഈ റാലികളിലേക്ക് നിതീഷ് കുമാറിനെ എന്‍.ഡി.എ ക്ഷണിച്ചിരുന്നില്ല.

ഏപ്രില്‍ ഏഴിന് നവാഡയിലെ പ്രചരണ റാലിയില്‍ നടത്തിയ നിതീഷ് കുമാറിന്റെ പ്രസംഗം മോദിയെ അധിക്ഷേപിക്കുന്നതായിരുന്നെന്നും അതിനാലാണ് മുഖ്യമന്ത്രിയെ ഒഴിവാക്കിയതെന്നും എന്‍.ഡി.എ വൃത്തങ്ങള്‍ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റാലിയില്‍ മുഖ്യമന്ത്രി 20 മിനിറ്റിലധികം സമയമെടുത്ത് സംസാരിക്കുകയും ബി.ജെ.പിക്ക് നാല് ലക്ഷം സീറ്റുകള്‍ ലഭിക്കുമെന്ന് വാദിക്കുകയും സ്വയം തിരുത്താനുള്ള ശ്രമത്തിനിടയില്‍ പാര്‍ട്ടി 4000ത്തിലധികം സീറ്റുകള്‍ നേടുമെന്ന് പറയുകയും ചെയ്തിരുന്നു. പിന്നാലെ നിതീഷ് കുമാര്‍ പ്രധാനമന്ത്രിക്ക് നേരെ തിരിയുന്നതായും അദ്ദേഹത്തിന്റെ കാലില്‍ തൊടുന്നതായും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം.

അതേസമയം റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ആര്‍.ജെ.ഡി രംഗത്തെത്തി. റാലികളില്‍ നിതീഷ് കുമാറിനെ ക്ഷണിക്കാത്തിന്റെ കാരണം വ്യക്തമാക്കണമെന്ന് മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ് ആവശ്യപ്പെട്ടു.

ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി തന്റെ വീട്ടില്‍ തടവിലാണെന്നും തേജസ്വി പരിഹസിച്ചു. നിതീഷ് കുമാര്‍ നരേന്ദ്രമോദിയുടെ കാലില്‍ പിടിക്കുന്നത് കണ്ടപ്പോള്‍ തനിക്ക് ലജ്ജ തോന്നിയെന്നും തേജസ്വി പറഞ്ഞു.

Content Highlight: Bihar Chief Minister Nitish Kumar has been kept out of Modi-led election campaigns by NDA

We use cookies to give you the best possible experience. Learn more