പാട്ന: നിയമസഭയില്‍ വനിതാ എം.എല്‍.എയെ അധിക്ഷേപിച്ച് ബീഹാര്‍ മുഖ്യമന്ത്രിയും എന്‍.ഡി.എ നേതാവുമായ നിതീഷ് കുമാര്‍. ആര്‍.ജെ.ഡി എം.എല്‍.എ രേഖ ദേവിയെയാണ് നിതീഷ് കുമാര്‍ അധിക്ഷേപിച്ചത്. കേന്ദ്ര ബജറ്റിനെതിരായ പ്രതിപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധത്തിനിടെയാണ് അധിക്ഷേപം.
‘നീയൊരു പെണ്ണാണ്, നിനക്ക് ഒന്നും അറിയില്ല,’ എന്നാണ് രേഖയെ അധിക്ഷേപിച്ചുകൊണ്ട് നിതീഷ് കുമാര്‍ പറഞ്ഞത്. സഭയില്‍ പ്രതിപക്ഷം സംസാരിക്കാന്‍ അനുവദിക്കാത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അധിക്ഷേപം.
‘2005ന് ശേഷം എന്റെ സര്‍ക്കാര്‍ സ്ത്രീകളെ മുന്‍നിരയിലേക്ക് എത്തിച്ചിരുന്നു. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇന്ന് ഇത്രയധികം സംസാരിക്കാന്‍ കഴിയുന്നത്,’ എന്നും നിതീഷ് കുമാര്‍ രേഖ ദേവിയോട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ആര്‍.ജെ.ഡി, കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതിഷേധം ശക്തമാക്കി.
സംവരണം, ബീഹാറിന് പ്രത്യേക സംസ്ഥാന പദവി തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം സഭയ്ക്കുള്ളില്‍ പ്രതിഷേധം ആരംഭിച്ചത്. കേന്ദ്ര ബജറ്റില്‍ ബീഹാറിന് പ്രത്യേക പദവി ലഭിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സംവരണ നിയമങ്ങള്‍ ഭേദഗതി ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പുതിയ സംവരണം ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു പ്രതിപക്ഷ എം.എല്‍.എമാരുടെ ആവശ്യം.
നിയമസഭയില്‍ കളിപ്പാട്ടങ്ങളുമായാണ് പ്രതിപക്ഷം എത്തിയത്. ബേബി റാറ്റില്‍സും മറ്റ് കളിപ്പാട്ടങ്ങളും ഉയര്‍ത്തി സര്‍ക്കാരിനെ കളിയാക്കി കൊണ്ടായിരുന്നു പ്രതിപക്ഷം പ്രതികരിച്ചത്. മുദ്രാവാക്യം വിളി രൂക്ഷമായതോടെ സ്പീക്കര്‍ നന്ദകിഷോര്‍ യാദവ് സഭ ഉച്ച വരെ നിര്‍ത്തി വെച്ചു. ഉച്ചക്ക് ശേഷവും ആരംഭിച്ച സഭ പ്രതിപക്ഷം ബഹളം തുടര്‍ന്നതിന് പിന്നാലെ വീണ്ടും നിര്‍ത്തിവെക്കുകയായിരുന്നു.
ബീഹാറിന് 26,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയടക്കം ഏതാണ്ട് 50,000 കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ ധനമന്ത്രി പ്രഖ്യാപിച്ചത്. 11,500 കോടി രൂപയുടെ പ്രളയസഹായവും വിമാനത്താവളം, മെഡിക്കല്‍ കോളേജ് , രണ്ട് ക്ഷേത്ര ഇടനാഴികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
Content Highlight: Bihar Chief Minister and NDA leader Nitish Kumar insulted a woman MLA in the assembly