പാട്ന: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാതി സർവേ പുറത്തുവിട്ട് ബിഹാർ സർക്കാർ. 13 കോടി ജനസംഖ്യയുടെ 63 ശതമാനം പിന്നാക്ക വിഭാഗമാണെന്നും (ഒ.ബി.സി) ഇതിൽ തന്നെ 36 ശതമാനം വളരെ പിന്നാക്കമായ (Extremely Backward Classes) സമുദായങ്ങളാണെന്നും കണ്ടെത്തി.
സെൻസസിന്റെ ഭാഗമായി എസ്.സി-എസ്.ടി ഒഴികെയുള്ള വിഭാഗങ്ങളുടെ എണ്ണം എടുക്കാൻ സാധിക്കില്ലെന്ന് കഴിഞ്ഞ വർഷം നരേന്ദ്ര മോദി സർക്കാർ അറിയിച്ചതിനെ തുടർന്നാണ് നിതീഷ് കുമാറിന്റെ സംസ്ഥാന സർക്കാർ സർവേ നടത്താൻ തീരുമാനിച്ചത്.
ഒ.ബി.സി വിഭാഗങ്ങളിൽ 17.26 ശതമാനം യാദവരാണ്.
ജനസംഖ്യയുടെ 15.52 ശതമാനമാണ് മുന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുന്നത്. പട്ടിക ജാതി വിഭാഗം 19.65 ശതമാനം ആണെന്നിരിക്കെ ജനസംഖ്യയുടെ 1.68 ശതമാനം മാത്രമാണ് പട്ടിക വർഗത്തിൽ ഉൾപ്പെടുന്നത്.
സർവേ നടത്താൻ അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ നിരവധി ഹരജികൾ വന്നിരുന്നു. എന്നാൽ ഭരണഘടനാ വിരുദ്ധമായി സംസ്ഥാന സർക്കാർ എന്തെങ്കിലും ചെയ്തതായി ശ്രദ്ധയിൽപ്പെടാതെ ജാതി സർവേയുടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിലക്കാനാകില്ല എന്ന് സുപ്രീം കോടതി അറിയിച്ചു.
ജാതി സർവേ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ചരിത്ര നിമിഷമെന്ന് ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് പ്രതികരിച്ചു.
‘ബി.ജെ.പിയുടെ ഗൂഢാലോചനകളും നിയമ തടസങ്ങളും മറികടന്ന് ബിഹാർ സർക്കാർ ഇന്ന് ജാതി സർവേ പ്രസിദ്ധീകരിച്ചിരിക്കുന്നു.
രാജ്യത്തെ അവഗണിക്കപ്പെട്ട, ദരിദ്രരായ ആളുകളുടെ പുരോഗതിക്കും വികസനത്തിനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും ജനസംഖ്യക്ക് ആനുപാതികമായി പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്ക് പ്രാതിനിധ്യം നൽകാനും സർവേയിലെ കണ്ടെത്തലുകൾ രാജ്യത്തിന് മാതൃകയാകും,’ അദ്ദേഹം പറഞ്ഞു.
ബിഹാറിൽ നിതീഷ് കുമാറിന്റെ ജെ.ഡി.യുമായി സഖ്യത്തിലാണ് ആർ.ജെ.ഡി.
ജാതി, തൊഴിൽ, വിദ്യാഭ്യാസം, സാമ്പത്തിക നില ഉൾപ്പെടെ 17 മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി 29 ദശലക്ഷം കുടുംബങ്ങൾക്കിടയിലാണ് സർവേ നടത്തിയത്.
രാജ്യത്ത് ഉടൻ ജാതി സെൻസസ് നടപ്പാക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നിരന്തരം ആവശ്യം ഉന്നയിക്കുന്നുണ്ട്. തങ്ങൾ അധികാരത്തിൽ വന്നാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചിരുന്നു. ജാതി സെൻസസ് ഉടൻ നടത്തി വനിതാ സംവരണ ബില്ലിൽ ഒ.ബി.സി വിഭാഗത്തിന് ഉപസംവരണം വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നുണ്ട്.
Content Highlight: Bihar caste survey says 63% people from backward, extremely backward classes