പട്‌ന: ബീഹാറില്‍ എന്‍.ഡി.എ മന്ത്രി സഭാ വിപൂലികരിച്ചതോടെ ഭരണത്തില്‍ കൂടുതല്‍ പിടിമുറുക്കാനുള്ള നീക്കത്തിനാണ് ബി.ജെ.പി തുടക്കം കുറിച്ചിരിക്കുന്നത്. പുതിയ മന്ത്രിസഭയില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ വക്താവുമായ സയ്യിദ് ഷഹനവാസ് ഹുസൈനെ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ബീഹാറിലെ ഭരണത്തില്‍ ബി.ജെ.പി കൂടുതല്‍ ഇടപെടല്‍ നടത്തുന്നതായുള്ള വിലയിരുത്തലുകള്‍.
കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം നിതീഷ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായ ആറ് നേതാക്കളിലാണ് ഹുസൈനും ഉള്‍പ്പെടുന്നത്. ജെ.ഡി.യു നേതാക്കളായ സഞ്ജയ് കുമാര്‍ ഝാ, ശ്രാവണ്‍ കുമാര്‍, ലെസി സിംഗ്, മദന്‍ സാഹ്നി, ബി.ജെ.പിയുടെ പ്രമോദ് കുമാര്‍ എന്നിവരാണ് മറ്റുള്ള നേതാക്കള്‍. ഇവരെല്ലാം കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും മുഖ്യമന്ത്രിസ്ഥാനം നിതീഷിന് തന്നെ നല്‍കാന്‍ ബി.ജെ.പി തയ്യാറാവുകയായിരുന്നു.
ബി.ജെ.പിക്ക് 74 സീറ്റ് ലഭിച്ചപ്പോള്‍ ജെ.ഡി.യുവിന് 43 സീറ്റ് മാത്രമാണ് ലഭിച്ചത്.
മുഖ്യമന്ത്രിസ്ഥാനം നിതീഷ് കുമാര്‍ ഏറ്റെടുത്തെങ്കിലും പല അവസരങ്ങളിലും തനിക്കുള്ള അതൃപ്തി പ്രകടമാക്കിയിട്ടുണ്ട്. സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതെന്നും ആര്‍ക്ക് വേണമെങ്കിലും സ്ഥാനം കൊടുക്കാമെന്നും നിതീഷ് കുമാര്‍ ഒരു ഘട്ടത്തില്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക