പാട്ന: ബീഹാറിലെ പാലങ്ങളുടെ തകർച്ചക്ക് കാരണം കാലവർഷമെന്ന വാദവുമായി കേന്ദ്ര മൈക്രോ സ്‌മോൾ മീഡിയം സംരംഭക വകുപ്പ് മന്ത്രി ജിതിൻ റാം മാഞ്ചി. ബീഹാറിൽ അടുത്തിടെയുണ്ടായ പാലങ്ങളുടെ തകർച്ചക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ വാദം.
ജൂൺ 29ന്, പാലങ്ങൾ തകരുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ വേണ്ടി പലരും കരുതിക്കൂട്ടി ചെയ്യുന്നതാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് പുതിയ വാദവുമായുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശനം.
തന്റെ പഴയ പ്രസ്താവനയെ പാടെ മറന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവനയെന്ന് വിമർശനങ്ങൾ ഉയരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിന്ദുസ്ഥാൻ ആവാം മോർച്ചയുടെ തലവൻ കൂടിയായ മാഞ്ചി അസാധാരണമായ കനത്ത മൺസൂൺ മഴയാണ് പാലങ്ങളുടെ തകർച്ചയുടെ കാരണമെന്ന് പ്രസ്താവിച്ചു.
‘ഇത് മൺസൂൺ സമയമാണ്. അസാധാരണ തോതിൽ മഴ പെയ്തതാണ് പാലങ്ങൾ തകരാൻ കാരണം. സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാർ കാര്യങ്ങൾ വളരെ കൃത്യമായാണ് ചെയ്യുന്നത്. അദ്ദേഹം വിഷയം ഗൗരവമായി തന്നെ പരിഗണിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
അതോടൊപ്പം പാലം തകർച്ചയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ചകൾ സംഭവിച്ചെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർച്ചയായ പാലങ്ങളുടെ തകർച്ച ബീഹാറിലെ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ കൂട്ടുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈ നാലിന് ബീഹാറിലെ സരൺ ജില്ലയിൽ ഗണ്ഡകി നദിക്ക് കുറുകെയുള്ള ഒരു പാലം തകർന്നിരുന്നു.
ജൂൺ 22 ന് ദരൗണ്ട മേഖലയിൽ പാലത്തിൻ്റെ ഒരു ഭാഗം തകർന്നിരുന്നു. മധുബനി, അരാരിയ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച്, സിവാൻ, തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബീഹാറിൽ അടുത്തിടെ പൂർത്തിയാക്കിയതും നിർമാണത്തിലിരിക്കുന്നതും പഴയതുമായ എല്ലാ പാലങ്ങളുടെയും ഓഡിറ്റ് ആവശ്യപ്പെട്ട് ഒരു പൊതുതാത്പര്യ ഹരജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബീഹാറിൽ നിർമാണത്തിലിരിക്കുന്ന മൂന്ന് പ്രധാന പാലങ്ങളും മറ്റ് നിരവധി പാലം തകർച്ചകളും ഉണ്ടായതിനാൽ വിഷയത്തിൽ സുപ്രീം കോടതിയുടെ അടിയന്തര പരിഗണന വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകൻ ബ്രജേഷ് സിംഗ് ആണ് പൊതുതാത്പര്യ ഹരജി സമർപ്പിച്ചത്.
അതോടൊപ്പം സംഭവത്തില്‍ 14 എഞ്ചിനീയര്‍മാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പാലത്തകര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ജലവിഭവ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.
പാലം നിര്‍മിച്ച എഞ്ചിനീയര്‍മാര്‍ അശ്രദ്ധമായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡബ്ല്യു.ആര്‍.ഡി അഡീഷണല്‍ ചീഫ് സെക്രട്ടറി ചൈതന്യ പ്രസാദാണ് എഞ്ചിനിയര്‍മാര്‍ക്കെതിരെ നടപടി എടുത്ത വിവരം അറിയിച്ചത്.
Content Highlight: BIhar bridge collapse, new statement of central minister jithin ram maanchi