വ്യാജ ഡോക്ടർ യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തി; ബീഹാറിൽ 15 വയസുകാരൻ മരിച്ചു
national news
വ്യാജ ഡോക്ടർ യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തി; ബീഹാറിൽ 15 വയസുകാരൻ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2024, 3:50 pm

 

പാട്ന: ബീഹാറിലെ സരൺ ജില്ലയിൽ വ്യാജ ഡോക്ടർ നടത്തിയ ശസ്ത്രക്രിയക്ക് പിന്നാലെ പതിനഞ്ച് വയസുകാരൻ മരണപ്പെട്ടു. പിത്തസഞ്ചിയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് ശേഷമാണ് 15 വയസ്സുള്ള ആൺകുട്ടിമരിച്ചത്. ശസ്ത്രക്രിയ നടത്താൻ യൂട്യൂബ് വീഡിയോകളെ ആശ്രയിച്ച വ്യാജ ഡോക്ടർ നിലവിൽ ഒളിവിലാണ്.

വെള്ളിയാഴ്ച രാത്രി മധുരയിൽ അജിത് കുമാർ പുരി എന്ന ‘ഡോക്ടർ’ നടത്തുന്ന ക്ലിനിക്കിലാണ് കൗമാരക്കാരനെ വീട്ടുകാർ പ്രവേശിപ്പിച്ചത്. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു കുട്ടിയെ ഇയാളുടെ അടുത്ത് കാണിച്ചത്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് കുമാർ പുരി കുട്ടിയെ ഓപ്പറേഷൻ ചെയ്യാൻ തുടങ്ങിയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. മൊബൈൽ ഫോണിൽ യൂട്യൂബ് വീഡിയോകൾ കണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് ഇവരുടെ ആരോപണം.

ശസ്ത്രക്രിയയ്ക്കിടെ കുട്ടിയുടെ നില വഷളായി. തുടർന്ന് കുടുംബം പ്രതിഷേധിച്ചപ്പോൾ താനാണ് ഇവിടെ ഡോക്ടർ നിങ്ങൾ അല്ല എന്ന് കുമാർ ക്ഷോഭിക്കുകയായിരുന്നു. പിന്നാലെ കുട്ടിയുടെ നില വഷളാവാൻ തുടങ്ങി.

ഒടുവിൽ കുട്ടിയെ പട്‌നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വ്യാജ ഡോക്ടർ തീരുമാനിച്ചുവെങ്കിലും വഴിമധ്യേ കുട്ടി മരിക്കുകയായിരുന്നു. തുടർന്ന് കുമാർ പുരി കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

പിന്നാലെ കുമാർ വ്യജ ഡോക്ടറാണെന്ന് പറഞ്ഞുകൊണ്ട് കൊല്ലപ്പെട്ട ബാലന്റെ വീട്ടുകാർ ലോക്കൽ പൊലീസിൽ പരാതി നൽകി. ‘അവൻ വ്യാജ ഡോക്ട്ടർ ആയിരുന്നു. അവൻ ഞങ്ങളുടെ കുഞ്ഞിനെ കൊന്നുകളഞ്ഞു. ഞങ്ങളുടെ സമ്മതമില്ലാതെയാണ് അവൻ ശസ്ത്രക്രിയ നടത്തിയത്,’ കുടുംബം പറഞ്ഞു.

വ്യാജ ഡോക്ടർക്കും ക്ലിനിക്കിലെ ജീവനക്കാർക്കുമെതിരെ കേസെടുത്തു. പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം നടത്തി വരികയാണ്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.

 

 

Content Highlight: Bihar boy, 15, dies after fake doctor performs YouTube-guided surgery