ബീഹാറില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചവരെ മര്‍ദ്ദിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍
India
ബീഹാറില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചവരെ മര്‍ദ്ദിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th September 2020, 12:59 pm

പറ്റ്‌ന: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച ജന്‍ അധികാര്‍ പാര്‍ട്ടി (ജെ.എ.പി) അംഗങ്ങളെ മര്‍ദ്ദിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. ബീഹാറിലെ ബി.ജെ.പി പാര്‍ട്ടി ആസ്ഥാനത്തിന് മുന്‍പിലായിരുന്നു സംഭവം.

കര്‍ഷക ബില്ലിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി ഓഫീസിലേക്ക് എത്തിയ ജെ.എ.പി പ്രവര്‍ത്തകരെയാണ് ബി.ജെ.പിക്കാര്‍ കൂട്ടത്തോടെയെത്തി മര്‍ദ്ദിച്ചത്. രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ബീഹാറിലേയും പ്രതിഷേധം. സമരത്തെ കായികമായി നേരിടുന്ന ബി.ജെ.പിയുടെ നടപടിക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകരുടെ രാജ്യവ്യാപകമായ പ്രതിഷേധം നടക്കുമ്പോള്‍ ബില്ലിനെ പിന്തുണച്ചാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയത്.

സമരം തീര്‍ത്തും അനാവശ്യമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കര്‍ഷകര്‍ക്കിടയില്‍ തെറ്റിധാരണ ഉണ്ടാക്കുകയാണെന്നുമായിരുന്നു ഈ വിഷയത്തില്‍ നിതീഷ് കുമാര്‍ പ്രതികരിച്ചത്.

ബീഹാറിലും ശക്തമായ രീതിയില്‍ കര്‍ഷക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് കാര്‍ഷിക ബില്ലിന് പരസ്യമായ പിന്തുണയുമായി നിതീഷ് കുമാര്‍ രംഗത്തെത്തിയത്.

ബീഹാറിലെ മുഖ്യപ്രതിപക്ഷമായ രാഷ്ട്രീയ ജനതാദള്‍ കേന്ദ്രം അവതരിപ്പിച്ച മൂന്ന് ബില്ലുകള്‍ക്കെതിരെയും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലിനെതിരെ വെള്ളിയാഴ്ച്ച ശക്തമായ കര്‍ഷക പ്രതിഷേധം നടക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്ല് 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്ല്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ബില്ല് എന്നിവയ്ക്കെതിരെയാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. നേരത്തെ പഞ്ചാബില്‍ നിന്ന് ആരംഭിച്ച കര്‍ഷക പ്രതിഷേധം ഹരിയാനയിലേക്കും ഉത്തര്‍പ്രദേശിലേക്കും വ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bihar BJP workers beat up workers of Jan Adhikar Party