| Wednesday, 12th August 2020, 12:10 pm

നിതീഷിന്റെ ഭാവി ഇനിയെങ്ങോട്ട്?; ബീഹാറില്‍ 15 വര്‍ഷത്തെ ആ മുഖ്യമന്ത്രികസേര ഊഞ്ഞാലിലാടുമ്പോള്‍...

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ ഈ വര്‍ഷം തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഒക്ടോബറില്‍ തെരഞ്ഞെടുപ്പുണ്ടായേക്കും.

മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിനിത് നാലാം ടേമിലേക്കുള്ള തെരഞ്ഞെടുപ്പാണ്. നിതീഷിന്റെ എക്കാലത്തെയും എതിരാളിയായ ലാലു പ്രസാദ് യാദവിന്റെ മകനും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവാണ് മുന്നിലുള്ള പ്രധാന വെല്ലുവിളി.

1990കളില്‍ പിരിയുന്നതുവരെ രണ്ട് പതിറ്റാണ്ടോളം നിതീഷും ലാലുവും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച നേതാക്കളായിരുന്നു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ഇരുവരും കൈകോര്‍ത്തിരുന്നു. 2017ല്‍ സഖ്യസര്‍ക്കാരിനോട് ഇടഞ്ഞ് നിതീഷ് എന്‍.ഡി.എയിലേക്ക് കൂറുമാറുന്നതുവരെ തേജസ്വി യാദവായിരുന്നു ഉപമുഖ്യമന്ത്രിയും.

ഇപ്പോള്‍ നാലാം ടേമിലേക്കുള്ള മുഖ്യമന്ത്രിക്കസേരക്കായുള്ള പോരാട്ടത്തില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍.ജെ.ഡിയും കോണ്‍ഗ്രസും മാത്രമല്ല നിതീഷിന് വെല്ലുവിളിയാവുന്നത്. മറിച്ച് അവസാന കാലഘട്ടത്തിലെയടക്കം ഒട്ടനവധി ഭരണ പാളിച്ചകളും വിലങ്ങുതടിയാവുന്നുണ്ട്.

കൊവിഡും പാളിയ പ്രതിരോധവും

ബീഹാറില്‍ സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായേക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ കൊവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിയിയരിക്കുകയാണ് ബീഹാര്‍. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള ആറാമത്തെ സംസ്ഥാനമാണിത്. ഇത് യഥാര്‍ത്ഥ കണക്കുകളല്ലെന്നാണ് പ്രതിപക്ഷമടക്കം ആരോപിക്കുന്നത്. യഥാര്‍ത്ഥ എണ്ണം സര്‍ക്കാര്‍ പുറത്തുവിടുന്നതിലും ഇരട്ടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കുറവ് കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്ന സംസ്ഥാനം കൂടിയാണ് നിതീഷിന്റെ ബീഹാര്‍.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സഖ്യ സര്‍ക്കാരിനെതിരെ ജനവികാരം പുകയുന്നുണ്ട്. സഖ്യകക്ഷിയായ എല്‍.ജെ.പിയില്‍നിന്നും ചിരാഗ് പസ്വാനില്‍നിന്നും നിതീഷ് കുമാര്‍ ഗുരുതല വെല്ലുവിളിയാണ് നേരിടുന്നത്. കൊവിഡിനെ നേരിടാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് പസ്വാന്‍ തുറന്നടിച്ചുകഴിഞ്ഞു.

പ്രളയവും പതിനഞ്ച് വര്‍ഷത്തെ തകര്‍ന്ന വാഗ്ദാനവും

കഴിഞ്ഞ മാസമുണ്ടായ പ്രളയം അതിരൂക്ഷമായി സംസ്ഥാനത്തെ ബാധിച്ചിട്ടുണ്ട്. കൊവിഡിനിടെയുണ്ടായ അതിവര്‍ഷവും വെള്ളപ്പൊക്കവും ജനജീവിതത്തെ ദുസ്സഹമാക്കുന്നുണ്ട്. ബീഹാറിനെ സംബന്ധിച്ചിടത്തോളം വെള്ളപ്പൊക്കം പുതിയ കാര്യമല്ല. എന്നാല്‍, കഴിഞ്ഞ 15 വര്‍ഷത്തെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലെല്ലാം നിതീഷിന്റെ പ്രധാന വാഗ്ദാനം വെള്ളപ്പൊക്ക പരിഹാരമായിരുന്നു. എന്നാല്‍ ഇതില്‍ ഒരിടപെടലും നിതീഷ് നടത്തിയിട്ടില്ല എന്നത് ജനങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ മുളപ്പിക്കുന്നുണ്ട്.

ഇത്തവണ ഗോപാല്‍ഗഞ്ചില്‍ കോടികള്‍ മുടക്കി പുതുതായി നിര്‍മ്മിച്ച പാലം പ്രളയത്തില്‍ നിലംപൊത്തിയത് പ്രതിപക്ഷ കക്ഷികള്‍ പ്രധാന ആയുധമാക്കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയം മുതല്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമുയരുന്നുണ്ട്. ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവ് സര്‍ക്കാരിനെതിരെ പ്രചരണം തുടങ്ങിയിട്ടുമുണ്ട്.

2005ലെ തെരഞ്ഞെടുപ്പുമുതല്‍ പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുഖ്യ തെരഞ്ഞെടുര്ര് തന്ത്രമാക്കിയ നിതീഷിനോട് 15 വര്‍ഷത്തിനിപ്പുറം പ്രളയ ദുരിതത്തിന്റെ നടുവിലിരിക്കെ ജനം എങ്ങനെ പ്രതികരിക്കുമെന്നതിലും ആശങ്കയുണ്ട്.

തൊഴിലില്ലായ്മയും തൊഴിലാളി പ്രശ്‌നവും

തൊഴിലാളി പ്രശ്‌നമാണ് സംസ്ഥാനം ഏറെ കാലമായി നേരിടുന്ന മറ്റൊരു പ്രതിസന്ധി. കേരളമടക്കം ഒട്ടനവധി സംസ്ഥാനങ്ങളിലെ വ്യാവസായിക കേന്ദ്രങ്ങളിലേക്കും മറ്റും തൊഴിലാളികള്‍ ഒഴുകിയെത്തുന്നത് പ്രധാനമായും ബീഹാറില്‍നിന്നാണ്. സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചയുടെ മുരടിപ്പാണ് മറ്റ് സംസ്ഥാനങ്ങള്‍ തേടി ബീഹാറികളെ കൂട്ടപലായനത്തിന് നിര്‍ബന്ധിക്കുന്നതെന്ന് നയതന്ത്രജ്ഞര്‍ നേരത്തെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്.

രാജ്യത്ത് കൊവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ബീഹാറിന്റെ ഈ ദുരവസ്ഥ മറനീക്കി പുറത്തുവന്നത്. ലോക്ഡൗണോടെ രാജ്യത്തുടനീളം ഫാക്ടറികളും ചെറുകിട വന്‍കിട വ്യവസായ ശാലകളും സംരംഭങ്ങളും അടച്ചുപൂട്ടി. ഇതോടെ വിവിധ ഭാഗത്ത് ജോലി ചെയ്തിരുന്ന ബീഹാറി തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗം ഒറ്റയടിക്ക് നഷ്ടമായി. തുടര്‍ന്ന് ഇവര്‍ ബീഹാറിലേക്ക് രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്നും കാല്‍നടയായും മറ്റും മടങ്ങിയെത്താന്‍ തുടങ്ങി. മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് യു.പി അടക്കമുള്ള സംസ്ഥാനങ്ങള്‍ ആശ്വാസം പകരുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചെങ്കിലും ബീഹാറില്‍ ഒരു നടപടികളുമുണ്ടായില്ല.

മടങ്ങിയെത്തിയയവരില്‍ പലരും നിതീഷ് കുമാര്‍ സര്‍ക്കാരിനോട് തൊഴില്‍ നല്‍കാന്‍ ആവശ്യപ്പെട്ട് ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുകായണ് ഇപ്പോള്‍.

ദേശീയ തൊഴിലില്ലായ്മ നിരക്കിന്റെ ഇരട്ടിയാണ് ബീഹാറിലേതെന്നാണ് സെന്റര്‍ ഫോര്‍ മോണിട്ടറിങ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ട്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തൊഴിലില്ലായ്മ പ്രശ്‌നം അതിരൂക്ഷമായിരിക്കുകയാണ്.

തകര്‍ന്ന ക്രമസമാധാന അന്തരീക്ഷം

നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ കീഴില്‍ ക്രമസമാധാന പ്രശ്‌നങ്ങളും വലിയ ഭീഷണിയാവുന്നുണ്ട്. തലസ്ഥാന നഗരമായ പട്‌നയിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലുമടക്കം വലിയ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായി. ചിരാഗ് പസ്വാനും തേജസ്വി യാദവും ഇക്കാര്യത്തിലൂന്നി സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നുണ്ട്. 2005 ന് ശേഷം സംസ്ഥാനത്തുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇത്തവണ സംസ്ഥാന തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഈ വിഷയങ്ങളോടെല്ലാം നിതീഷ് കുമാര്‍ സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കും എന്നതില്‍ കേന്ദ്രീകരിച്ചാവും സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാവുമോ എന്നകാര്യത്തില്‍ തീരുമാനമാകൂ. സഖ്യകക്ഷികളില്‍നിന്നും പ്രതിപക്ഷത്തുനിന്നും ആരോപണങ്ങള്‍ കനക്കുമ്പോള്‍ നിതീഷിന്റെ മുഖ്യമന്ത്രി കസേര ആടിയുലയുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ അവസ്ഥയില്‍ സര്‍ക്കാരിനെതിരെയുള്ള ജനവികാരത്തെ കൂടെനിര്‍ത്താനാണ് ആര്‍.ജെ.ഡിയുടെയും കോണ്‍ഗ്രസിന്റെയും നീക്കം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bihar Assembly election issues that may decide fate of Nitish Kumar

We use cookies to give you the best possible experience. Learn more