| Wednesday, 9th September 2020, 5:21 pm

തൊഴിലില്ലായ്മക്കെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധമെന്ന് ആര്‍.ജെ.ഡി; എല്ലാ വീടുകളിലും വൈദ്യുയുള്ള നാട്ടില്‍ എന്തിനാണീ പ്രഹസനമെന്ന് ജെ.ഡി.യു ; തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി ബീഹാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുമെന്ന് ആര്‍.ജെ.ഡി.
ബീഹാര്‍ സര്‍ക്കാറിന്റെ കഴിവില്ലായ്മയ്ക്കെതിരെയും മെഴുകുതിരികളും വിളക്കും കത്തിച്ച് പ്രതിഷേധിക്കണമെന്നാണ് ആര്‍.ജെ.ഡി നേതാവ് തേജ്വസി പ്രസാദ് യാദവ് ആഹ്വാനം ചെയ്തിരിക്കുന്നത്.

തൊഴിലില്ലാതെ കഷ്ടപ്പെടുന്ന യുവജനങ്ങള്‍ക്കുവേണ്ടിയാണ് പ്രതിഷേധമെന്നും താനും തന്റെ അമ്മ രബീര്‍ ദേവിയും ബുധനാഴ്ച രാത്രി 9 മണിക്ക് ടെറസില്‍ 9 മിനുട്ട് വെളിച്ചം കൊളുത്തിനില്‍ക്കുമെന്നാണ് തേജസ്വി പറഞ്ഞിരിക്കുന്നത്.

എന്നാല്‍ ബീഹാറിലെ എല്ലാ വീടുകളിലും വൈദ്യുതി ഉള്ള സാഹചര്യത്തില്‍ എന്തിനാണ് വെറുതേ മെഴുകുതിരി കത്തിച്ച് പ്രഹസനം നടത്തുന്നതെന്നാണ് ജെ.ഡി.യു പ്രതികരിച്ചിരിക്കുന്നത്.

ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള എല്ലാവഴികളും പരീക്ഷിക്കുകയാണ് ആര്‍.ജെ.ഡി. ലാലു പ്രസാദ് യാദവ് തടവിലാണെങ്കിലും പാര്‍ട്ടിയിലെ എല്ലാകാര്യങ്ങളും തീരുമാനിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഴിമതിക്കേസില്‍ ശിക്ഷക്കപ്പെട്ട് ജാര്‍ഖണ്ഡില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവ് രാഷ്ട്രീയ യോഗം നടത്തുന്നുണ്ടെന്ന് ആരോപിച്ച് ജെ.ഡി.യു രംഗത്തെത്തിയിരുന്നു.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നവംബറില്‍ നടത്തുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ജെ.ഡി.യുവിന്റെ ആരോപണം.

ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവിന് തന്റെ പാര്‍ട്ടി നേതാക്കളെ ഇഷ്ടാനുസരണം സന്ദര്‍ശിക്കാന്‍
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അവസരമൊരുക്കി എന്നും ജെ.ഡി.യു ആരോപണം ഉന്നയിച്ചിരുന്നു.

അഴിമതിക്കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ലാലുവിന് നിയമപ്രകാരം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. എന്നാല്‍ ലാലുവിന്റെ അന്തിമാഭിപ്രായത്തിലാണ് ടിക്കറ്റ് വിതരണം നടത്തുന്നതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 2015 ലെ തെരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ടിക്കറ്റ് വിതരണത്തില്‍ ലാലു പ്രസാദ് പങ്കുവഹിച്ചിട്ടുണ്ട്.

നവംബറിലാണ് ബീഹാര്‍ നിയമ സഭയുടെ കലാവധി അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlightS: bihar assembly  election 2020  new moves of rjd against jdu

We use cookies to give you the best possible experience. Learn more