പാട്ന: ബീഹാറിലെ മുൻഗേർ ജില്ലയിൽ ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എ.എസ്.ഐ മരണപ്പെട്ടു. എ.എസ്.ഐ സന്തോഷ് കുമാർ സിങാണ് കൊല്ലപ്പെട്ടത്. ബീഹാറിൽ ഒരാഴ്ചയ്ക്കുള്ളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണിത്. ബീഹാറിലെ അരാരിയ ജില്ലയിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിൽ കഴിഞ്ഞ ആഴ്ച ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടിരുന്നു.
ശനിയാഴ്ച പുലർച്ചെ 4.00 മണിയോടെ പട്നയിൽ തലയ്ക്ക് പരിക്കേറ്റ എ.എസ്.ഐ മരണമടഞ്ഞതായി മുൻഗർ പൊലീസ് സൂപ്രണ്ട് സയ്യിദ് ഇമ്രാൻ മസൂദ് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിലെ മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നന്ദലാൽപൂർ ഗ്രാമത്തിലാണ് സംഭവം. കൈമൂരിലെ മൊഹാനിയ ബ്ലോക്കിലെ താമസക്കാരനായ സന്തോഷ് കുമാർ സിങ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു വർഷമായി മുഫാസിൽ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
നന്ദലാൽപൂർ ഗ്രാമത്തിൽ ഒരാൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന് കിട്ടിയ റിപ്പോർട്ടനുസരിച്ച് അന്വേഷിക്കാൻ പോയതായിരുന്നു സന്തോഷ് കുമാർ സിങ്.
‘നന്ദലാൽപൂർ ഗ്രാമത്തിൽ മദ്യപിച്ച നിലയിൽ രൺവീർ കുമാർ എന്നയാൾ ബഹളം വയ്ക്കുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. അതനുസരിച്ച്, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ എ.എസ്.ഐ സന്തോഷ് കുമാർ സിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ അങ്ങോട്ടയച്ചു. അദ്ദേഹം അവിടെ എത്തി വിഷയത്തിൽ ഇടപെടാൻ ശ്രമിച്ചപ്പോൾ, രൺവീറും കുടുംബാംഗങ്ങളും മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് പൊലീസ് സംഘത്തെ ആക്രമിച്ചു. ആക്രമണത്തിൽ സന്തോഷിന് തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റു,’ സദർ റേഞ്ച് എസ്.ഡി.പി.ഒ അഭിഷേക് ആനന്ദ് പറഞ്ഞു.
കുറ്റകൃത്യം നടന്ന സ്ഥലത്തുണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എ.എസ്.ഐ സിങ്ങിനെ സംഭവസഥലത്ത് നിന്നും രക്ഷപ്പെടുത്തി ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അദ്ദേഹത്തിന്റെ നില ഗുരുതരമായതിനാൽ, വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടർമാർ അദ്ദേഹത്തെ പട്നയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
സംഭവത്തിന് പിന്നാലെ രൺവീർ കുമാറിന്റെ കുടുംബം പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ജില്ലാ പൊലീസ് ഇതുവരെ അഞ്ച് പ്രതികളെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ള പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് നടത്തിവരികയാണെന്ന് എസ്.ഡി.പി.ഒ പറഞ്ഞു. രൺവീറിനും കുടുംബാംഗങ്ങൾക്കുമെതിരെ മുഫാസിൽ പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാർച്ച് 12ന് അരാരിയ ജില്ലയിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിൽ മറ്റൊരു എ.എസ്.ഐ കൊല്ലപ്പെട്ടിരുന്നു. അരാരിയയിലെ ഫുൾക്കഹ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന രാജീവ് രഞ്ജൻ മാൾ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷമായി ഫുൾക്കഹ പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന എ.എസ്.ഐ മാൾ, അൻമോൾ യാദവ് എന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ തന്റെ സംഘത്തോടൊപ്പം പോയതായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ഒരു വിഭാഗം ആളുകൾ ആക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ, എ.എസ്.ഐ മാളിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ അരാരിയ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെട്ടു.
Content Highlight: Bihar: ASI murdered by villagers in Munger, second cop to die in a week