| Friday, 31st July 2020, 11:16 am

സുശാന്ത് സിങ്ങിന്റെ മരണം; മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന് ബീഹാര്‍ അഡ്വ. ജനറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന ആരോപണവുമായി ബീഹാര്‍ അഡ്വ. ജനറല്‍ ലളിത് കുമാര്‍.

മുംബൈയിലെത്തിയ പറ്റ്‌ന പൊലീസ് സംഘവുമായി സഹകരിക്കുന്നില്ലെന്നാണ് എ.ജിയുടെ ആരോപണം. അതേസമയം എഫ്.ഐ.ആര്‍ മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രബര്‍ത്തിയുടെ ഹരജിയെ സുപ്രീം കോടതിയില്‍ എതിര്‍ക്കുമെന്നും എ.ജി പറഞ്ഞു. ഇതിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്ത്ഗിയെ ചുമതലെപ്പെടുത്തിയതായും എ.ജി വ്യക്തമാക്കി.

നടി റിയാ ചക്രബര്‍ത്തിയടക്കം ആറ് പേര്‍ക്കെതിരെയാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബീഹാര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ആത്മഹത്യാ പ്രേരണ അടക്കം ചുമത്തിയാണ് എഫ്.ഐ.ആര്‍ ഇട്ടത്.

തുടര്‍ന്നായിരുന്നു റിയയെ ചോദ്യം ചെയ്യാനായി പറ്റ്‌ന പൊലീസ് മുംബൈയ്ക്ക് പോയത്. റിയയുടെ വസതിയിലെത്തിയ പറ്റ്‌ന അന്വേഷണ സംഘത്തിന് അവരെ കാണാനായിരുന്നില്ല.

ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തോട് മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന് ബീഹാര്‍ എ.ജി ആരോപിച്ചത്. സാധാരണ ഏതെങ്കിലും കേസന്വേഷണത്തിന്റെ ഭാഗമായി ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പൊലീസ് സംഘം പോയാല്‍ ആ സംസ്ഥാനത്തെ പൊലീസ് സഹകരിക്കുകയാണ് പതിവ്. എന്നാല്‍ ആ കീഴ്‌വഴക്കങ്ങള്‍ മുംബൈ പൊലീസ് ലംഘിച്ചുവെന്നാണ് ലളിത് കുമാര്‍ പറഞ്ഞത്.

അതേസമയം എ.ജിയുടെ പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ബീഹാര്‍ പെലീസ് മുംബൈയില്‍ വന്നിട്ടുണ്ടാകാമെന്നും എന്നാല്‍ നിലവില്‍ ശരിയായ ദിശയിലാണ് മുംബൈ പൊലീസ് കേസന്വേഷണം നടത്തുന്നതെന്നുമാണ് സര്‍ക്കാരില്‍ നിന്നും വന്ന പ്രതികരണം.

ഇതിനിടെ സുശാന്തിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പൊതുതാത്പര്യ ഹരജി പറ്റ്‌ന ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട്. അന്വേഷണം പറ്റ്‌ന പെലീസില്‍ നിന്ന് സി.ബി.ഐ.ക്ക് കൈമാറണമെന്നാവശ്യപ്പെട്ടാണ് ഹരജി. നേരത്തെ തന്നെ കേസ് സിബി.ബിക്ക് വിടണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more