ബീഹാറില്‍ പശുമോഷണം ആരോപിച്ച് മൂന്ന് പേരെ അടിച്ചു കൊന്നു
India
ബീഹാറില്‍ പശുമോഷണം ആരോപിച്ച് മൂന്ന് പേരെ അടിച്ചു കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th July 2019, 11:48 am

സരണ്‍(ബീഹാര്‍): ബീഹാറിലെ സരണ്‍ ജില്ലയില്‍ പശുമോഷണം ആരോപിച്ച് മൂന്ന് പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സരണ്‍ ജില്ലിയിലെ ബനിയന്‍പൂരിലായിരുന്നു സംഭവം.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പിക്കപ്പ് വാനില്‍ എത്തിയ ഇവര്‍ പശുവിനെ മോഷ്ടിക്കാന്‍ വന്നവരാണെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം വാഹനം തടഞ്ഞത്.

വാഹനത്തിലുണ്ടായിരുന്നവരെ പിടിച്ചിറക്കി ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയുമായിരുന്നു. മൂന്ന് പേരും അവശരാകുന്നത് വരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു.

മൂന്നുപേരും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ചപ്ര പൊലീസ് സ്റ്റേഷനില്‍ നിന്നും എത്തിയ പൊലീസുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുപേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം അക്രമത്തില്‍ പങ്കെടുത്തവരെ കുറിച്ച് വ്യക്തമായ സൂചനയില്ലെന്നും സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മൂന്ന് പേര്‍ മാത്രമാണ് കസ്റ്റഡിയിലുള്ളതെന്നുമാണ് പൊലീസ് പറഞ്ഞത്.

കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരുടെ പേരില്‍ മുന്‍പ് മറ്റുകേസുകളുള്ളതായി അറിവില്ലെന്നും പൊലീസ് പറഞ്ഞു.