പറ്റ്‌ന: ബീഹാറില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 12 ആള്‍ക്കൂട്ട ആക്രമണക്കേസുകള്‍. പറ്റ്‌ന പൊലീസ് അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ ജിതേന്ദ്ര കുമാറാണ് ഇക്കാര്യം അറിയിച്ചത്. ‘ ആളുകള്‍ നിയമം കൈയിലെടുക്കരുതെന്നും ഇത്തരക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ വാര്‍ത്തകളും കിംവദന്തികളും വിശ്വസിക്കാതിരിക്കാന്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും ഇതിന്റെ ഭാഗമായി പറ്റ്‌ന പൊലീസ് സംസ്ഥാനത്ത് പ്രത്യേക പരിപാടികള്‍ തന്നെ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
പട്‌ന ജില്ലയിലെ രൂപാസ്പൂരില്‍ നിന്നും ധനരുവയില്‍ നിന്നുമായി ശനിയാഴ്ച രാത്രി രണ്ട് ആള്‍ക്കൂട്ട ആക്രമണ റിപ്പോര്‍ട്ട് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രൂപാസ്പൂര്‍ സംഭവത്തില്‍ 32 പേരും ധനരുവയില്‍ നിന്നും രണ്ട് പേരും അറസ്റ്റിലായതായി പൊലീസ് അറിയിച്ചത്.
‘ആള്‍ക്കൂട്ട ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തന്നെ സംസ്ഥാനങ്ങള്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം അക്രമങ്ങള്‍ തടയുന്നതിന് അനുസൃതമായ കാര്യങ്ങള്‍ സംസ്ഥാനം ചെയ്യേണ്ടതുമാണ്. അടുത്തിടെ ചില വ്യാജവാര്‍ത്തകളെ തുടര്‍ന്ന് ചില അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയത്തില്‍ മുഖം നോക്കാതെ ശക്തമായ നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. – അദ്ദേഹം പറഞ്ഞു.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആരേയും വെറുതെ വിടില്ലെന്നും ഗ്രാമ മുഖ്യന്മാര്‍ സര്‍പഞ്ചുകള്‍, മറ്റ് പ്രതിനിധികള്‍ എന്നിവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശം കൈമാറാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിനുപുറമെ, മഹാരാഷ്ട്ര, ത്രിപുര, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളില്‍ നിരവധി ആള്‍ക്കൂട്ട ആക്രമണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. മിക്ക ആക്രമണവും സോഷ്യല്‍മീഡിയകള്‍ വഴി നടക്കുന്ന വ്യാജ പ്രചരണത്തെ തുടര്‍ന്നാണ് സംഭവിക്കുന്നത്.